വിദ്യാര്‍ഥികളെ വലയിലാക്കാന്‍ ലഹരി മാഫിയ: രക്ഷിതാക്കള്‍ ആശങ്കയില്‍
പേരാമ്പ്ര: ഗ്രാമമേഖലകളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ വല വീശുന്നു.പേരാമ്പ്രയിലെയും സമീപ പ്രദേശങ്ങളിലുമുള്ള സ്‌കൂള്‍,കോളജ് വിദ്യാര്‍ത്ഥികളെ കഞ്ചാവ് മാഫിയ വലയിലാക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ സൂചന ലഭിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ വില്പന നടത്തുന്ന വലിയൊരു സംഘം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പേരാമ്പ്ര ബസ്റ്റാന്റിനു പുറകിലെ കള്ളുഷാപ്പിനു സമീപത്തു നിന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കൈമാറിയതായാണ് വിവരം. വില്പന നടത്തിയ ആളെ കിട്ടിയില്ലെങ്കിലും കഞ്ചാവിന്റെ ചെറിയ പൊതിയുമായി നാലു വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ പേരാമ്പ്ര പൊലിസിലേല്‍പ്പിച്ചു. ഇവര്‍ക്ക് ആരാണ് സാധനം എത്തിച്ചു കൊടുത്തതെന്ന അന്വേഷണത്തിലാണ് പൊലിസ്.
കള്ളു ഷാപ്പ് പരിസരം ലഹരിവില്പനയുടെ കേന്ദ്രമാണെന്ന് പരാതിയുണ്ട്. പേരാമ്പ്ര ട്രഷറി പരിസരത്തും മാര്‍ക്കറ്റ് പരിസരത്തും ലഹരി വസ്തുക്കളുടെ വില്പന തകൃതിയാണ്. നിരോധിത പാന്‍ മസാലകളും പേരാമ്പ്രയില്‍ സുലഭമാണ്. പല കടകളിലും ഇത്തരം വസ്തുക്കള്‍ പത്തിരട്ടി വിലക്കാണ് വില്പന നടത്തുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍.
വിദ്യാര്‍ഥികളെ ഉള്‍പ്പെടെ വലയിലാക്കുന്ന ലഹരി മാഫിയക്കെതിരേ രക്ഷിതാക്കളും പൊലിസ്, എക്‌സൈസ് അധികൃതരും കനത്ത ജാഗ്രത കാണിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."