സഹപാഠിയുടെ ചികിത്സക്ക് വിദ്യാര്‍ഥികള്‍ സമാഹരിച്ചത് രണ്ടര ലക്ഷം രൂപ
കുന്ദമംഗലം: അര്‍ബുദരോഗിയായ സഹപാഠിയുടെ ചികിത്സക്കു വിദ്യാര്‍ഥികള്‍ സമാഹരിച്ചു നല്‍കിയതു 2,55,000 രൂപ. മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അന്‍സില എം.പിയുടെ ചികിത്സക്കാണ് സ്‌കൂളിലെ കുട്ടികള്‍ ഇത്രയും തുക രണ്ടുദിവസം കൊണ്ടു സ്വരൂപിച്ചത്.
കൂലിപ്പണിക്കാരനായ മടവൂര്‍ മടത്തുംപറമ്പത്ത് ഉസ്സയിന്റെ മകളാണ് അന്‍സില. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ അന്‍സില മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണില്‍ സയന്‍സിന് അഡ്മിഷന്‍ നേടിയ ഉടനെയാണു രോഗബാധിതയായത്. ഇപ്പോള്‍ തിരുവനന്തപുരം ആര്‍.സി.സിയില്‍ വിദഗ്ധ ചികിത്സ നടക്കുകയാണ്. വിവരമറിഞ്ഞ ഉടനെ വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എയുടെ സഹകരണത്തോടെ അന്‍സിലയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
സ്‌കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ രാജേന്ദ്രകുമാറില്‍ നിന്ന് പി.ടി.എ പ്രസിഡന്റ് കെ.എം അബൂബക്കര്‍ തുക ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ എ.പി നസ്തര്‍, പി.ടി.എ വൈസ് പ്രസിഡന്റ് വി. വിജയന്‍, മാനേജര്‍ പി.കെ സുലൈമാന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ എം. നവീനാക്ഷന്‍, പി. അബ്ദുല്‍ റസാഖ്, രവീന്ദ്രന്‍ കുന്ദമംഗലം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."