പരിസ്ഥിതി മലിനീകരണം: മാവൂരില്‍ എം സാന്റ് യൂനിറ്റുകള്‍ റവന്യൂ അധികൃതര്‍ അടച്ചുപൂട്ടി
മാവൂര്‍: പരിസ്ഥിതി മലിനീകരണം നടത്തുന്ന ഏഴ് എം സാന്റ് യൂനിറ്റുകള്‍ റവന്യൂ അധികൃതര്‍ അടച്ചുപൂട്ടി. മാവൂര്‍ ഗ്രാമപഞ്ചായത്തിലെ തെങ്ങിലക്കടവില്‍ മൂന്നും കുറ്റിക്കടവില്‍ നാലും യൂനിറ്റുകളാണു തഹസില്‍ദാറുടെ നേതൃത്വത്തിലെത്തിയ സംഘം അടച്ചുപൂട്ടിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും പരിസ്ഥിതി മലിനീകരണം നടത്തുകയും ചെയ്യുന്ന എം സാന്റ് യൂനിറ്റുകള്‍ക്കെതിരേ ഹൈക്കോടതിയുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഉത്തരവുണ്ടായിട്ടും നടപടിയെടുക്കാത്തവയാണ് ഇന്നലെ അടച്ചുപൂട്ടിയത്.
രാവിലെ ഒന്‍പതിനു തുടങ്ങിയ നടപടിക്രമങ്ങള്‍ അഞ്ചരയോടെയാണ് അവസാനിച്ചത്. ഡെപ്യൂട്ടി കലക്ടര്‍ ഷാമില്‍ സെബാസ്റ്റ്യന്‍, തഹസില്‍ദാര്‍ അനിലകുമാരി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബാല്‍രാജ്, വില്ലേജ് ഓഫിസര്‍ സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ്, മെമ്പര്‍മാരായ കെ. ഉസ്മാന്‍, യു.എ ഗഫൂര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. യൂനിറ്റുകളിലുണ്ടായിരുന്ന എം സാന്റ് അധികൃതര്‍ പരസ്യമായി ലേലം ചെയ്തുവിറ്റു. തെങ്ങിലക്കടവിലെ എം സാന്റില്‍നിന്ന് 29,500 രൂപയും, കുറ്റിക്കടവിലെ എം സാന്റില്‍നിന്ന് 5,000 രൂപയും ലഭിച്ചു. ഇവിടങ്ങളിലുള്ള മോട്ടോറുകളും അധികൃതര്‍ പിടിച്ചെടുത്തു. യൂനിറ്റുകളോടനുബന്ധിച്ചുണ്ടാക്കിയ കെട്ടിടങ്ങളെല്ലാം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അധികൃതര്‍ പൊളിച്ചുനീക്കി.
അനധികൃതമായി വയല്‍നികത്തി ജലസ്രോതസുകള്‍, ചെറുപുഴ എന്നിവയ്ക്കടുത്തു പ്രവര്‍ത്തക്കുന്ന എം സാന്റ് യൂനിറ്റുകള്‍ അടച്ചുപൂട്ടാന്‍ നേരത്തെ തന്നെ കോടതി ഉത്തരവുണ്ടായിരുന്നു. തെങ്ങിലക്കടവിനും പള്ളിയോളിക്കുമിടയിലുള്ള ഹെക്ടര്‍ കണക്കിനു ജലസ്രോതസുകള്‍ മലിനമായതോടെ ഏറെക്കാലമായി ഇവിടെ വിരുന്നെത്തുന്ന ദേശാടന പക്ഷികളുടെ വരവും നിലച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."