ക്വാറിക്ക് അനുമതി നല്‍കിയ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു
തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ബദാം ചുവട് ക്വാറിക്ക് പഞ്ചായത്ത് ഭരണ സമിതി അനുമതി നല്‍കിയതിനെതിരേ വന്‍ പ്രതിഷേധം.
ഗ്രാമസഭാ തീരുമാനത്തെ മറികടന്ന് പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. പതിനാലംഗ ഭരണ സമിതിയില്‍ സി.പി.എമ്മിന് അഞ്ചും, ലീഗ് രണ്ട്, കോണ്‍ഗ്രസ് ഒന്ന് തുടങ്ങിയ ഭരണസമിതി അംഗങ്ങള്‍ തീരുമാനത്തെ അനുകൂലിക്കുകയും കോണ്‍ഗ്രസ് രണ്ട്, കേരള കോണ്‍ഗ്രസ് (എം)രണ്ട്, ജനാതാദള്‍ ഒന്ന് തുടങ്ങി അഞ്ചംഗങ്ങള്‍ തീരുമാനത്തെ എതിര്‍ക്കുകയും ചെയ്തു.
സ്വതന്ത്ര അംഗമായ പ്രസിഡന്റ് ഭൂരിപക്ഷ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ ഭരണസമിതി തീരുമാനത്തെ എതിര്‍ത്തത് വരും ദിവസങ്ങളില്‍ ചൂടേറിയ വിവാദങ്ങള്‍ക്ക് കളമൊരുക്കും. പ്രദേശവാസികളുടെ അഞ്ച് വര്‍ഷത്തെ നിരന്തര പോരാട്ടത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും ഫലമായി മുന്‍ ഭരണസമിതി രണ്ട് തവണ അനുമതി നിഷേധിക്കുകയായിരുന്നു. പ്രദേശത്തെ കുടിവെള്ള പദ്ധതി മലിനപെടാന്‍ ക്വാറിയുടെ പ്രവര്‍ത്തനം കാരണമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എട്ടാം വാര്‍ഡ് ഗ്രാമസഭ ചേര്‍ന്ന് 182 പേര് പങ്കെടുത്ത യോഗത്തില്‍ 170 പേര്‍ ക്വാറിക്ക് അനുമതി നല്‍കരുതെന്ന പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. വാര്‍ഡിലെ ജനങ്ങളുടെ തീരുമാനത്തിനൊപ്പം നില്‍ക്കാത്ത മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായ സോളി ജോസഫ് ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."