ഭാവഗാനങ്ങളിലലിഞ്ഞ് ബാബുരാജ് അനുസ്മരണം
കോഴിക്കോട്: 'അനുരാഗ ഗാനം പോലെ... അഴകിന്റെ അല പോലെ...' കോഴിക്കോട്ടുകാര്‍ സ്‌നേഹത്തോടെ ബാബുക്കയെന്ന് വിളിച്ചിരുന്ന എം.എസ് ബാബുരാജിന്റെ ആ ഗാനം സതീഷ്ബാബുവെന്ന ഗായകന്റെ ശബ്ദത്തില്‍ ടൗണ്‍ഹാളില്‍ നിന്ന് ഒഴുകിയെത്തിയപ്പോള്‍ സംഗീതപ്രേമികളും അങ്ങോട്ടേക്കൊഴുകിയെത്തി. നിറഞ്ഞ സദസില്‍ ഭാവഗാനങ്ങളിലലിഞ്ഞ് ബാബുരാജ് അനുസ്മരണ പരിപാടി നടന്നു. കോഴിക്കോടന്‍ തെരുവുകളില്‍ കൊട്ടിപ്പാടി നടന്ന് കേരളത്തിന്റെ സംഗീതചക്രവര്‍ത്തി പദവിയിലേക്കെത്തിയ സംഗീത സംവിധായകന്‍ എം.എസ് ബാബുരാജിന്റെ 38-ാം ചരമവാര്‍ഷിക ദിനത്തിലാണ് ബാബുരാജ് അനുസ്മരണ കൂട്ടായ്മയായ 'ബാബുക്ക'യുടെ നേതൃത്വത്തില്‍ അനുസമരണവും സംഗീതനിശയും സംഘടിപ്പിച്ചത്.
ചടങ്ങ് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബാബുരാജിന്റെ പേരില്‍ കോഴിക്കോട്ട് ഹിന്ദുസ്ഥാനി-കര്‍ണാടിക് സ്‌കൂള്‍ സ്ഥാപിക്കണമെന്നും അതിലൂടെ അദ്ദേഹം എന്നും സ്മരിക്കപ്പെടണമെന്നും എം.കെ രാഘവന്‍ എം.പി പറഞ്ഞു. യു.എ ഖാദര്‍ മുഖ്യാതിഥിയായിരുന്നു. മൃദുലവും എളിമയുള്ളതുമായ മനസായിരുന്നു ബാബുക്കയുടെ പ്രത്യേകതയെന്നും സംഗീതത്തിന്റെ മാസ്മരികതയിലാണ് അദ്ദേഹത്തെ സുഹൃത്തുക്കള്‍ കണ്ടിരുന്നതെന്നും യു.എ ഖാദര്‍ പറഞ്ഞു. മാമുക്കോയ അനുസ്മരണ പ്രഭാഷണം നടത്തി. ബാബുക്കയോടൊപ്പം പ്രവര്‍ത്തിച്ച ഗായകന്‍ കൊച്ചിന്‍ ഇബ്രാഹിമിനെ ചടങ്ങില്‍ ആദരിച്ചു. ടി.വി ബാലന്‍, കെ.വി സക്കീര്‍ ഹുസൈന്‍, കെ.സലാം, അന്‍വര്‍ കുനിമല്‍, ബീരാന്‍ കല്‍പ്പുറത്ത് സംസാരിച്ചു. സംഗീതസന്ധ്യയ്ക്ക് സതീഷ്ബാബു, ഗോപിക മേനോന്‍, നിമിഷ സലീം, കീര്‍ത്തന നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."