പൊലിസിന്റെ പിങ്ക് പട്രോള്‍ വാഹനം ഇനി കോഴിക്കോട്ടും
കോഴിക്കോട്: സ്ത്രീസുരക്ഷക്കായുള്ള കേരള പൊലിസിന്റെ പിങ്ക് പട്രോള്‍ വാഹനം ഇനി കോഴിക്കോട്ടും. ഈ മാസം അവസാനത്തോടെ സംഘം പ്രവര്‍ത്തനം തുടങ്ങും. സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്ന് വില്‍പന തുടങ്ങിയവ തടയുന്നതിനായാണ് പിങ്ക് പട്രോള്‍ ടീം പ്രധാനമായും പ്രവര്‍ത്തിക്കുക. വനിതാ പൊലിസുകാര്‍ മാത്രമാണ് സംഘത്തിലുണ്ടാവുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം. 18 അംഗങ്ങളടങ്ങിയ ടീമായിരിക്കും പിങ്ക് പട്രോളിങ്ങിന് നേതൃത്വം നല്‍കുക.
തിരുവനന്തപുരത്തും കൊച്ചിയിലും നേരത്തെ പിങ്ക് പട്രോള്‍ ടീം പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇതു വിജയകരമായതോടെയാണ് കോഴിക്കോട്ടേക്കും സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്താനായി കോഴിക്കോട് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് പോയിരുന്നു. ഇവര്‍ തിരിച്ചെത്തിയാലുടന്‍ ഇതിനായുള്ള നടപടികള്‍ ആരംഭിക്കും. അടിയന്തരഘട്ടങ്ങളില്‍ സേവനം ലഭ്യമാകുന്ന തരത്തില്‍ പിങ്ക് വാഹനത്തില്‍ വനിതാ പൊലിസുകാര്‍ നഗരം ചുറ്റും.
എവിടെയെങ്കിലും അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സംഘം അവിടെയെത്തി സഹായം ഉറപ്പാക്കും. കൂടാതെ ആര്‍ക്കെങ്കിലും പിങ്ക് പട്രോള്‍ ടീമിന്റെ സഹായം ആവശ്യമാണെങ്കില്‍ അവരുടെ നമ്പറില്‍ ബന്ധപ്പെടാം. പൊതുസ്ഥലങ്ങളും സ്‌കൂളുകളും കൂടാതെ കോളജ്, ഓഫിസുകള്‍ ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും സംഘം പട്രോളിങ് നടത്തും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള ഉപകരണങ്ങളും പിങ്ക് പട്രോളിങ് സംഘത്തിന്റെ വാഹനത്തിലുണ്ടാകും.
സിഡാക്കിന്റെ സഹായത്തോടെയാണ് തിരുവനന്തപുരത്ത് പിങ്ക് പട്രോളിങ് വാഹനത്തിന്റെ പ്രവര്‍ത്തനം. പരാതി ലഭിച്ച സ്ഥലം കണ്ടെത്തി വേഗത്തില്‍ എത്തുന്നതിനായി ജി.പി.എസ് സംവിധാനവും വാഹനത്തിലുണ്ട്. ഇതിനുപുറമെ ചുറ്റിലുമുള്ള ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പ്രാപ്തമായ കാമറാ സംവിധാനവും വാഹനത്തിലുണ്ടാകും. പിങ്ക് പട്രോളിങ് സംഘം എത്തുന്നതോടെ ജില്ലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."