മത്സ്യലോറി റോഡില്‍ മലിനജലം ഒഴുക്കി: വാഹനങ്ങള്‍ അപകടത്തില്‍പെട്ടു
ബുള്ളറ്റ് ടാങ്കര്‍ ലോറി റോഡില്‍ നിന്നു തെന്നി മാറി
ഒലിച്ചിറങ്ങിയ മലിനജലത്തില്‍ നിറയെ പുഴുക്കള്‍
കൂത്തുപറമ്പ്/തലശ്ശേരി: മത്സ്യം കയറ്റിവന്ന ലോറി യന്ത്രതകരാര്‍ മൂലം റോഡില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് റോഡിലേക്ക് ഒഴുകിയ മലിനജലത്തില്‍ തെന്നിമാറി ടാങ്കര്‍ ലോറിയും ഇരുചക്ര വാഹനങ്ങളും അപകടത്തില്‍പെട്ടു.
വെള്ളിയാഴ്ച പുലര്‍ച്ചെ മമ്പറം തലശ്ശേരി റൂട്ടില്‍ കമ്പിനിമെട്ട പടിഞ്ഞിറ്റാം മുറിയിലാണ് സംഭവം. യന്ത്രത്തകരാര്‍ മൂലം വഴിയില്‍ കുടുങ്ങിയ ലോറിയില്‍ നിന്ന് പുറത്തുവന്നത് പുഴുക്കള്‍ നുരയ്ക്കുന്ന ദുര്‍ഗന്ധത്തോടെയുള്ള കൊഴുത്ത മലിനജലമായിരുന്നു. മംഗലാപുരത്തു നിന്നു നിറയെ ഗ്യാസുമായി പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കര്‍ ലോറിയുടെ എഞ്ചിന്‍ കേബിന്‍ റോഡിലൊഴുകിയ കുഴമ്പു രൂപത്തിലുള്ള മലിനജലത്തില്‍ തെന്നിമാറി.
ഇതാടെ ഏതാണ്ട് ഒരു മണിക്കൂറോളം വാഹന ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. അല്പംകൂടി തെന്നി മാറിയിരുന്നെങ്കില്‍ ഏതാണ്ട് 200 മീറ്റര്‍ താഴ്ചയില്‍ പതിച്ച് വന്‍ ദുരന്തം സംഭവിക്കമായിരുന്നു. മമ്പറം, പെരളശ്ശേരി ഭാഗങ്ങളിലേക്ക് പോവുകയായിരുന്ന ബൈക്കുകളും കാറുകളും റോഡില്‍ നിന്നു തെന്നി അപകടത്തില്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ കൂത്തുപറമ്പ് ഫയര്‍ഫോഴ്‌സിലേക്ക് വിവരമറിയിച്ചു. പുലര്‍ച്ചെ അഞ്ചു മണിയോടെ അഗ്‌നിശമന സേന സ്ഥലത്തെത്തുമ്പോഴേക്കും യന്ത്രതകരാര്‍ പരിഹരിച്ച് ലോറി സ്ഥലം വിട്ടിരുന്നു.
പുഴുക്കള്‍ നിറഞ്ഞ മലിന ജലമാണെന്ന് മനസിലായതോടെ ഫയര്‍ഫോഴ്‌സ് അധികൃതര്‍ ധര്‍മടം പൊലിസുമായി ബന്ധപ്പെട്ടെങ്കിലും ലോറിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് റോഡില്‍ ശക്തിയില്‍ വെള്ളമൊഴിച്ച് കഴുകിയതോടെയാണ് മാലിന്യം ഒഴുക്കിക്കളയാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."