അറ്റകുറ്റപ്പണിക്കായി ഷട്ടറുകള്‍ തുറന്നു പഴശ്ശി റിസര്‍വോയറില്‍ ജലനിരപ്പ് താഴ്ന്നു
ഇരിക്കൂര്‍: പഴശ്ശി അണക്കെട്ടിലെ ചോര്‍ച്ച പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം ഷട്ടറുകള്‍ തുറന്നതോടെ സംഭരണിയിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. ഇതോടെ ജില്ലയിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലായി. സാധാരണയായി അണക്കെട്ടിലെ 16 ഷട്ടറുകള്‍ അടയ്ക്കുമ്പോള്‍ 23 മീറ്റര്‍ ഉയരം വരെ വെള്ളം തടുത്തുനിര്‍ത്താനാവും. ഇതു ചെയ്താല്‍ ഇരിട്ടി പുഴ നിറയും. എന്നാല്‍ ചോര്‍ച്ചയടക്കാനായി കരാര്‍ ജീവനക്കാര്‍ ഷട്ടര്‍ ഉയര്‍ത്തിയപ്പോള്‍ ഡാമില്‍ ശേഖരിച്ച വെള്ളം ഇരിക്കൂര്‍ പുഴയിലേക്ക് ഒലിച്ചുപോയി. അണക്കെട്ടിനു മുകളിലാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം അടിച്ചുകൊണ്ടുപോകുന്നത്. ഇരിക്കൂര്‍ പഞ്ചായത്ത്, തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭ, സമീപത്തെ പത്തു പഞ്ചായത്തുകളിലേക്കും ഈ വെള്ളമാണ് നല്‍കുന്നത്. കണ്ണൂര്‍ ടൗണ്‍, പെരളശേരി, കൊളച്ചേരി, കീഴൂര്‍, ചാവശേരി എന്നിവടങ്ങളിലേക്കും പഴശിഡാമില്‍ നിന്നാണ് കുടിവെള്ളം നല്‍കുന്നത്. കാലവര്‍ഷം തുടങ്ങുന്ന ജൂണ്‍ ഒന്നുമുതല്‍ അണക്കെട്ട് തുറന്നിടുകയും നവംബര്‍ ആദ്യം ഷട്ടര്‍ അടച്ച് വെള്ളം തടഞ്ഞുവയ്ക്കുകയുമാണ് പതിവ്. നവംബര്‍ മുതല്‍ മെയ് വരെ അണക്കെട്ടില്‍ വെള്ളം നിറഞ്ഞുനില്‍ക്കും. എന്നാല്‍ ഈവര്‍ഷം അറ്റകുറ്റപ്പണി നടത്താന്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടര്‍ തുറന്നതോടെ സംഭരിച്ച വെള്ളത്തിന്റെ സിംഹഭാഗവും ഒലിച്ചുപോയി. മൊത്തം 26.6 സ്‌കെയില്‍ സംഭരണശേഷിയുള്ള പഴശി ഡാമില്‍ ഇപ്പോള്‍ പത്തു മീറ്റര്‍ സ്‌കെയിലില്‍ താഴെയാണ് വെള്ളമുള്ളത്. അണക്കെട്ടിനു മുകള്‍ ഭാഗത്ത് പുഴയില്‍ തന്നെ വലിയ കിണര്‍ കുഴിച്ചാണ് വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി വെള്ളം പമ്പു ചെയ്യുന്നത്. ഒക്‌ടോബറില്‍ തന്നെ കടുത്ത വേനല്‍ അനുഭവപ്പെടുന്ന കണ്ണൂരില്‍ പഴശി ഡാമിലെ ജലദൗര്‍ലഭ്യം വരും നാളുകളിലെ കുടിവെള്ള വിതരണത്തെ അവതാളത്തിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."