എച്ച്.പി ഗ്യാസ് ഉപഭോക്താക്കള്‍ക്കു സബ്സിഡി ലഭിക്കുന്നില്ലെന്നു പരാതി
നീലേശ്വരം: എച്ച്.പി ഗ്യാസ് ഉപഭോക്താക്കള്‍ക്കു സബ്സിഡിയായി ലഭിക്കേണ്ട തുക നാലു മാസമായി ലഭിക്കുന്നില്ലെന്നു പരാതി. ജില്ലയിലെ മിക്കവാറും ഗ്യാസ് ഏജന്‍സികളുടെ പരിധിയിലും ഈ പ്രശ്നമുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ പേയ്മെന്റ് സര്‍വിസിന്റെ സര്‍വര്‍ തകരാറിലാണെന്നും സബ്സിഡി വിതരണം കേന്ദ്രീകൃതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതു കാരണമാണു കാലതാമസം നേരിടുന്നതെന്നുമാണു ഗ്യാസ് ഏജന്‍സികള്‍ നല്കുന്ന വിശദീകരണം.
ഒരു സിലിണ്ടറിനു 59.91 രൂപയാണു സബ്സിഡി ഇനത്തില്‍ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെത്തുന്നത്. സിലിണ്ടര്‍ വിതരണം ചെയ്ത കാര്യം ബില്‍ തിയതിയില്‍ തന്നെ എന്‍.പി.എസ് സര്‍വറിലേക്കു അപ് ലോഡ് ചെയ്യുന്നതു ഏജന്‍സികളാണ്. കഴിഞ്ഞ ജൂണ്‍ 16 മുതല്‍ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും സബ്സിഡി തുക ലഭിച്ചിട്ടില്ല.
നേരത്തേ ഫെബ്രുവരി 16 മുതല്‍ മെയ് 31 വരെയും ഇതേ പ്രശ്നമുണ്ടായിരുന്നു. മൂന്നര മാസത്തെ സബ്സിഡി തുക മുഴുവന്‍ ജൂണ്‍ 10 നാണു ഉപഭോക്താക്കള്‍ക്കു ലഭിച്ചത്. ഏജന്‍സികള്‍ ഇതു സംബന്ധിച്ചു എച്ച്.പി.സി.എല്ലിന്റെ ഏരിയാ സെയില്‍സ് മാനേജര്‍ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ എത്തി ഏജന്‍സികളിലെ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളും പരിശോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."