വിസ വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്: കൊലക്കേസ് പ്രതി അറസ്റ്റില്‍
പേരൂര്‍ക്കട: വിദേശരാജ്യങ്ങളിലേക്കുള്ള തൊഴില്‍വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍.
ഓള്‍സെയിന്റ്‌സ് കോളജ് ജങ്ഷന്‍ സൗമ്യാ ഭവനില്‍ കൊച്ചനി എന്നുവിളിക്കുന്ന അനില്‍കുമാര്‍ (44) ആണ് പിടിയിലായത്. ഇയാള്‍ 2001ല്‍ ആനയറ സ്വദേശിയായ പൊടിയപ്പന്‍ എന്ന സുനില്‍കുമാറിനെ വെട്ടി കൊലപ്പെടുത്തിയ കേസ്സിലെ രണ്ടാം പ്രതി കൂടിയാണ്. ഈ കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. അതിനിടയിലാണ് വിസ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പിടിയിലായത്.
ശാസ്തമംഗലം മരുതംകുഴിയില്‍ എക്‌സ്പ്രസ് ട്രാവല്‍സ് എന്ന വ്യാജ വിദേശ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങിയശേഷം ഖത്തര്‍ എയര്‍പോര്‍ട്ടിലേക്ക് കംപ്യൂട്ടര്‍ സ്റ്റാഫ്, സെയില്‍സ്മാന്‍ എന്നീ തസ്തികകളിലേക്ക് ആളെ ആവശ്യമുണ്ടെന്ന് കാണിച്ച് പത്രത്തില്‍ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പിന്റെ തുടക്കം.
പരസ്യം കണ്ടു വിളിക്കുന്നവരോട് പാസ്‌പോര്‍ട്ടും മറ്റു രേഖകളുമായി നേരിട്ടെത്താന്‍ പറയും. തുടര്‍ന്ന് അവിടെയെത്തുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും അഡ്വാന്‍സ് തുകയായി 10,000 രൂപയും മെഡിക്കല്‍ ചെക്കപ്പിനായി 2,000 രൂപയും അടയ്ക്കാന്‍ ആവശ്യപ്പെടും. സമീപത്തെ മെഡിക്കല്‍ ലബോറട്ടറിയിലേക്ക് ചെക്ക്അപ്പിനെന്നുപറഞ്ഞു കൊണ്ടുപോയി രക്തം എടുപ്പിച്ചശേഷം പരിശോധന പൂര്‍ത്തിയായെന്നും ജോലി ഉറപ്പാണെന്നും പറഞ്ഞ് മടക്കി അടക്കും. ബാക്കിത്തുക അക്കൗണ്ടിലിടണമെന്നു പറഞ്ഞ് അക്കൗണ്ട് നമ്പര്‍ അറിയിച്ചുകൊണ്ടാകും അടുത്ത വിളി. 65,000 രൂപ മുതല്‍ 75,000 രൂപവരെയാണ് ആവശ്യപ്പെടുന്നത്.
പണം കൈകാര്യം ചെയ്യുന്നതിനായി വ്യാജപേരുകളില്‍ നിരവധി ബാങ്ക്അക്കൗണ്ടുകള്‍ ഇയാള്‍ തുടങ്ങിയിരുന്നു. പണം നല്‍കുന്നവരെ സമയമാകുമ്പോള്‍ യാത്രയ്ക്ക് തയ്യാറായി എയര്‍പോര്‍ട്ടിലെത്താന്‍ ആവശ്യപ്പെടും. അവിടെവച്ച് വിസയും വിമാനടിക്കറ്റും നല്‍കുമെന്നും അറിയിക്കും. എയര്‍പോര്‍ട്ടിലെത്തുന്നവരെ ഓരോ ഒഴികഴിവുകള്‍ പറഞ്ഞ് ദിവസങ്ങള്‍ വൈകിപ്പിക്കും. ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും യാത്ര നടക്കാതെ വന്നപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ഉദ്യോഗാര്‍ഥികള്‍ അറിയുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തുടങ്ങി നിരവധി ജില്ലകളിലെ യുവാക്കളാണ് ഇയാളുടെ തട്ടിപ്പിനിരയായത്. സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍സെല്ലിന്റെ സഹായത്തോടെ ഷാഡോ ടീം പ്രതിയെ പിടികൂടുകയായിരുന്നു.
രാജീവ് പിള്ള, സൈനുലാബ്ദീന്‍, ദേവന്‍ മൊയ്തീന്‍, കുമാര്‍, മൊയ്തീന്‍ എന്നീ വ്യാജ പേരുകളും ഇയാള്‍ ഉപയോഗിച്ചിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇയാളില്‍ നിന്ന് നിരവധി എ.ടി.എം കാര്‍ഡുകള്‍ കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."