പൊലിസിന്റെ മൂക്കിന്‍ തുമ്പത്ത് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം
നിലമ്പൂര്‍: ഗുണ്ടകളും ലഹരി മാഫിയയും നിലമ്പൂരില്‍ വിലസുന്നു. നിലമ്പൂര്‍ ബസ് സ്റ്റാന്റ്, മിനിബൈപാസ്, ടൗണ്‍, വീട്ടിക്കുത്ത് റോഡ് എന്നിവിടങ്ങളിലാണ് സാമൂഹ്യവിരുദ്ധരും ഗുണ്ടകളും താവളമാക്കിയിരിക്കുന്നത്. ബസ് സ്റ്റാന്‍ഡിനും പരിസരത്തും ദിവസേന അടിപിടികളും അക്രമങ്ങളും ഉണ്ടാകുന്നുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് കഞ്ചാവു വില്‍പനയും തകൃതിയാണ്.
അന്യ സംസ്ഥാന തൊഴിലാളികളെയും വിദ്യാര്‍ഥികളെയും ലഹരിക്ക് അടിമകളാക്കുന്ന സംഘങ്ങള്‍ ഇവിടം സജീവമാണ്. ഇന്നലെ യുവതിക്കു നേരെ യുവാവ് കത്തിവീശിയത് ബസ് സ്റ്റാന്‍ഡിനടുത്തുള്ള ആഭരണ കടയിലാണ്. ആഴ്ചകള്‍ക്കു മുമ്പാണ് തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് നേരെ ഗുണ്ടകള്‍ അഴിഞ്ഞാടിയത്. കത്തിക്കുത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റിട്ടും ഇതുവരെ ഒരാളെ പോലും പിടികൂടാന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. പണപ്പിരിവ് കൊടുക്കാത്തതിന് കമ്പിളിപുതപ്പ് വില്‍പന നടത്തിവരുന്ന അന്യസംസ്ഥാന തൊഴിലാളികളെ ടൗണില്‍ വെച്ചും ലോഡ്ജില്‍ വെച്ചും മൂന്നാഴ്ച മുമ്പ് ക്രൂരമായി മര്‍ദ്ദിച്ചതും നിലമ്പൂരിലെ ഗുണ്ടാ സംഘങ്ങളാണ്.
ക്വട്ടേഷന്‍ സംഘങ്ങളും മേഖലയില്‍ സജീവമാണ്. മൂന്നിടങ്ങളിലായി കാറിലും ബാറിനു സമീപത്തും വടിവാളുകളുമായി യുവാക്കള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സ്റ്റാന്‍ഡില്‍ രാത്രിയും പകലും പൊലിസിന്റെ സാന്നിധ്യം ഇല്ലാത്തതും സ്റ്റാന്‍ഡിലേക്ക് വരാനും പോകാനും ധാരാളം ഇടവഴികളുള്ളതും ഇവര്‍ക്ക് സഹായകരമാണ്. അനാശാസ്യപ്രവര്‍ത്തനങ്ങളും ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനകരമല്ല. പൊലിസ് ഔട്ട്‌പോസ്റ്റും ഒഴിഞ്ഞു കിടക്കുകയാണ്. ഏഴരയോടെ തന്നെ സ്വകാര്യബസുകള്‍ സ്റ്റാന്‍ഡില്‍ കയറാറില്ല. ഇതോടെ വിജനമാകുന്ന ബസ് സ്റ്റാന്‍ഡ് സാമൂഹ്യവിരുദ്ധരുടെയും കന്നുകാലികളുടെയും തെരുവുനായ്ക്കളുടെയും വിഹാര കേന്ദ്രമാവുകയാണ് പതിവ്. പൊലിസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."