ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി: ഒരുക്കങ്ങള്‍ തുടങ്ങി
കൊല്ലം: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടി സമാശ്വാസം-2016 ജില്ലയില്‍ ഒരുക്കം തുടങ്ങി. പൊതുജനങ്ങള്‍ക്ക് ഒക്‌ടോബര്‍ 14 മുതല്‍ 21 വരെ അപേക്ഷകള്‍ നല്‍കാമെന്ന് ജില്ലാ കലക്ടര്‍ മിത്ര ടി അറിയിച്ചു. കലക്ടറേറ്റ്, റവന്യൂ ഡിവിഷണല്‍ ഓഫിസ്, താലൂക്ക് ഓഫിസുകള്‍, വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ അപേക്ഷ സ്വീകരിക്കും.
വില്ലേജ് ഓഫിസര്‍മാര്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ അന്നേ ദിവസം തന്നെ താലൂക്ക് ഓഫിസുകളില്‍ എത്തിക്കണം. തഹസീല്‍ദാര്‍മാര്‍ അപേക്ഷ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അന്ന് തന്നെ കൈമാറണം. കലക്ടറേറ്റ്, ആര്‍.ഡി.ഒ എന്നിവിടങ്ങളില്‍ ലഭിക്കുന്ന അപേക്ഷകള്‍ തൊട്ടടുത്ത ദിവസം വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കണം.
ദിവസേന ലഭിക്കുന്ന അപേക്ഷകളുടെ എണ്ണവും കൈമാറുന്ന ഉദ്യോഗസ്ഥന്റെ പേരും കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സെല്ലില്‍ അറിയിക്കണം. അപേക്ഷകളില്‍ സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കണം. നിയമപരമായ തടസങ്ങളുണ്ടെങ്കില്‍ അപേക്ഷകനെ വിവരമറിയിക്കണം.
സര്‍ക്കാരില്‍ നിന്ന് ഉത്തരവ് വേണ്ടി വരുന്ന സാഹചര്യത്തില്‍ വകുപ്പ് മേധാവികള്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത് വിവരം അപേക്ഷകനെ അറിയിക്കും. എല്ലാ താലൂക്കുകളിലും ജനസമ്പര്‍ക്ക പരിപാടി നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. താലൂക്കുകളിലെ ചാര്‍ജ്ജ് ഓഫിസറായി ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല നിര്‍ണയിച്ച് നല്‍കിയിട്ടുണ്ട്. ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയുടെ നോഡല്‍ ഓഫിസര്‍ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) ആയിരിക്കും. താലൂക്കുകളിലെ ജനസമ്പര്‍ക്ക പരിപാടിയുടെ സമയക്രമം ഉടന്‍ നിശ്ചയിക്കും.
താലൂക്കുകളില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ജില്ലാതല ഉദ്യോഗസ്ഥന്‍മാരുടെ സാന്നിധ്യം ഉറപ്പാക്കും. എല്ലാ വകുപ്പു മേധാവികളും തങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികളുടെ വിവരങ്ങള്‍ കലക്ടറേറ്റിലെ ജെ.എസ്.പി സെല്ലില്‍ നല്‍കണമെന്നും കൂടാതെ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലില്‍ നിന്നും ലഭിച്ചിട്ടുള്ള പരാതികളില്‍ നിശ്ചിത സമയത്തിനകം നടപടി സ്വീകരിച്ച് പരാതിക്കാര്‍ക്ക് മറുപടി നല്‍കുമെന്നും വിവരം കലക്ടറേറ്റിലെ സി.എം.പി.ജി.ആര്‍ സെല്ലില്‍ ലഭ്യമാക്കുമെന്നും കലക്ടര്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടി ആലോചനാ യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത്ത്, ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ടി വര്‍ഗീസ് പണിക്കര്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."