ഉണക്ക മത്സ്യം ഓണ്‍ലൈനിലും ലഭ്യമാക്കും: ജെ. മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: ഉണക്കമത്സ്യങ്ങള്‍ യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡില്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പദ്ധതി 17 ന് ആരംഭിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തീരദേശ വികസന കോര്‍പറേഷന്‍ വഴിയാണ് ഓണ്‍ലൈന്‍ സംരംഭം ആരംഭിക്കുന്നത്. കോര്‍പറേഷന്റെ ശക്തികുളങ്ങരയിലെ മത്സ്യസംസ്‌ക്കരണ ശാലയിലെ സന്ദര്‍ശന വേളയിലാണ് മന്ത്രി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്.
പ്രാരംഭഘട്ടത്തില്‍ നീണ്ടകര കരിക്കാട് ചെമ്മീന്‍, അഷ്ടമുടി തെള്ളി ചെമ്മീന്‍, മലബാര്‍ നെത്തോലി എന്നിവയാണ് ഓണ്‍ലൈന്‍ വിപണിയില്‍ എത്തിക്കുക. ഒന്നരക്കോടി രൂപ ചെലവഴിച്ച് തയാറാക്കിയ പ്ലാന്റിലാണ് ഉല്‍പാദനം നടത്തുന്നത്. കുറഞ്ഞ വിലയ്ക്ക് 50 ഗ്രാം, 100 ഗ്രാം പായ്ക്കുകളിലാണ് മത്സ്യങ്ങള്‍ ലഭ്യമാവുക.
രണ്ടാംഘട്ടത്തില്‍ റെഡി ടു കുക്ക്, റെഡി ടു സര്‍വ് വിഭാഗങ്ങളിലും മത്സ്യവിഭവങ്ങള്‍ വില്‍പ്പന നടത്തും. ഫ്രൈഡ് ഫിഷ് റോസ്റ്റ്, ചുട്ടരച്ച ചമ്മന്തി, വിവിധതരം മീന്‍ അച്ചാറുകള്‍ എന്നിവയാണ് പ്രധാനമായും റെഡി ടു സര്‍വ് വിഭാഗത്തിലുണ്ടാവുക.
ഗുണനിലാവരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി മത്സ്യസംസ്‌ക്കരണം മുതല്‍ പാക്കിങ് വരെയുള്ള പ്രവര്‍ത്തികളില്‍ യന്ത്രവല്‍ക്കരണത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തും.
മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ വിലയും പ്രാദേശിക സംഘങ്ങളുമായി ചേര്‍ന്ന് പ്രദേശത്തുകാര്‍ക്ക് തൊഴില്‍ സാധ്യതയും ഉറപ്പു വരുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്‌ക്കരണ കേന്ദ്രത്തില്‍ വര്‍ഷത്തില്‍ രണ്ട് ടണ്‍ മാത്രമുള്ള നിലവിലെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ അമ്പാടി, പ്രൊജക്ട് മാനേജര്‍ സുരേഷ് കുമാര്‍, ഷിഫറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി സുരേഷ് കുമാര്‍, അസി. ഡെപ്യൂട്ടി ഡയറക്ടര്‍ ഗീതാകുമാരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."