കത്തിയുമായി ആഭരണക്കടയില്‍ എത്തിയ യുവാവ് അക്രമാസക്തനായി യുവതിയെ മര്‍ദിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു
നിലമ്പൂര്‍: പുതിയ ബസ് സ്റ്റാന്റിനു സമീപമുള്ള ആഭരണക്കടയിലേക്ക് കത്തിയുമായി എത്തിയ യുവാവ് അക്രമാസക്തനായി. കടയിലെ യുവതിക്കു നേരെ കത്തിവീശുകയും അസഭ്യം ചൊരിയുകയും ചെയ്തതോടെ നാട്ടുകാരും വിദ്യാര്‍ഥികളും ഇടപെട്ടു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്‍തുടര്‍ന്നു പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. തൃക്കൈക്കുത്ത് വായനശാലക്കു സമീപം താമസിക്കുന്ന ചീരക്കൊള്ളി അഫ്‌സലി(28)നെയാണ് പൊലിസിനു കൈമാറിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണു സംഭവം. സ്ഥാപനത്തില്‍ വന്നു മടങ്ങിപ്പോയ ഇയാള്‍ രണ്ടാമതെത്തിയാണു യുവതിയെ അസഭ്യം പറയുകയും കത്തിക്കാട്ടി ഭീഷണിപ്പെടുത്തി മര്‍ദിക്കുകയും ചെയ്തത്.
യുവതിയെ മര്‍ദിക്കുന്നതു കണ്ട് സമീപത്തെ കടകളില്‍ ഉണ്ടായിരുന്നവരും വിദ്യാര്‍ഥികളും എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അരക്കിലോമീറ്ററോളം ഓടിയ ഇയാളെ പിന്‍തുടര്‍ന്ന നാട്ടുകാരും വിദ്യാര്‍ഥികളും ചേര്‍ന്നാണു പിടികൂടിയത്. ആദ്യം മാലപൊട്ടിച്ച് ഓടുകയാണെന്ന ധാരണയിലാണ് വിദ്യാര്‍ഥികള്‍ പിന്നാലെ കൂടിയത്. പിടികൂടിയതിനു ശേഷമാണ് യുവതിയെ മര്‍ദിച്ചതാണ് സംഭവം എന്നറിഞ്ഞത്.
യുവതിയുടെ പരാതിയില്‍ അഫ്‌സലിനെതിരെ പൊലിസ് കേസെടുത്തു. മൂന്നു വര്‍ഷം മുന്‍പ് അഫ്‌സലില്‍ നിന്നും വിവാഹമോചനം നേടിയതാണ് യുവതി. മദ്യവും കഞ്ചാവും സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് ഇയാളെന്ന് യുവതി പരാതിയില്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."