ഹാജിമാരില്‍ ഏറെയും മടങ്ങിയെത്തി
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടിരുന്ന പകുതിയിലേറെ ഹാജിമാരും നെടുമ്പാശ്ശേരി വഴി നാട്ടില്‍ മടങ്ങിയെത്തി.
ഇന്നലെ രാത്രി 9.05 ന് എത്തിയ എസ്.വി.5526 ആം നമ്പര്‍ സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ 450 ഹാജിമാര്‍ കൂടി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതോടെ 6150 ഹാജിമാരാണ് ഇതുവരെ മടങ്ങിയെത്തിയത്. ഹാജിമാരെയും വഹിച്ചുകൊണ്ട് 14 സഊദി എയര്‍ലൈന്‍സ് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങിയത്.
26 സഊദി എയര്‍ലൈന്‍സ് വിമാനങ്ങളിലായി 10585 പേരാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ ഹജ്ജ് കമ്മിറ്റി വഴി നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയായിരുന്നത്.
ഇതില്‍ രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള 9 കുട്ടികള്‍ അടക്കം 10268 പേര് കേരളത്തില്‍ നിന്നും, 289 പേര് ലക്ഷദ്വീപില്‍ നിന്നും 28 പേര് മാഹിയില്‍ നിന്നുമാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 29 മുതലാണ് ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചത്.
15 ദിവസങ്ങളിലായി 24 സര്‍വീസുകളാണ് സഊദി എയര്‍ലൈന്‍സ് മടക്കയാത്രക്കായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.ഈ മാസം 14 ന് രാവിലെ 11നാണ് അവസാന സംഘം ഹാജിമാര്‍ നെടുമ്പാശ്ശേരിയിലെത്തുന്നത്.
ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ അവസാന വിമാനത്തിലാണ് മടങ്ങിയെത്തുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്നും ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തിയ ഹാജിമാര്‍ മദീന വിമാനത്താവളത്തില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്.
ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു സംസ്ഥാനത്ത് നിന്നും പുറപ്പെട്ട ഹാജിമാരുടെ മദീനയാത്ര ആരംഭിച്ചത്. സംസ്ഥാനത്ത് നിന്നും പുറപ്പെട്ട മുഴുവന്‍ ഹാജിമാരും ഇതിനകം മദീനയില്‍ എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."