ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്; രോഗികള്‍ വലഞ്ഞു
കളമശ്ശേരി: ഡോക്ടര്‍മാരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് എറണാകുളം ഗവ.മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥികളും ഹൗസ്‌സര്‍ജ്ജന്മാരും 24 മണിക്കൂര്‍ പണിമുടക്ക് നടത്തി. മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന ഷംനയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ജില്‍സ് ജോര്‍ജ്ജ് ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നും ആശുപത്രിയിലെ അടിസ്ഥാനസൗകര്യങ്ങളില്ലായ്മ കൊണ്ടുണ്ടായ മരണം ഡോക്ടര്‍മാരുടെ തലയില്‍ വയ്ക്കാന്‍ ശ്രമിക്കുകയാണെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി.
വെള്ളിയാഴ്ച്ച രാവിലെ എട്ട് മണിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുന്നില്‍ കുത്തിയിരുന്നാണ് ഹൗസ് സര്‍ജ്ജന്മാരും പി.ജി വിദ്യാര്‍ഥികളും സമരം തുടങ്ങിയത്. 11 മണിയോടെ പ്രിന്‍സിപ്പളിന്റെ ഓഫീസ് ഉപരോധിച്ച സമരക്കാര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ പണിമുടക്ക് നിര്‍ത്തില്ലെന്ന നിലപാടില്‍ നിന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പിന്‍വലിക്കാന്‍ തനിക്ക് അധികാരമില്ലെന്ന് പ്രിന്‍സിപ്പാള്‍ ഡോ.വി.കെ ശ്രീകല വ്യക്തമാക്കി. പോലീസും സമരക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത്തരം സൗകര്യങ്ങളൊരുക്കാത്ത അധികൃതര്‍ക്കെതിരെയാണ് നടപടികള്‍ വേണ്ടതെന്നും ഹൗസ് സര്‍ജ്ജന്മാര്‍ പറഞ്ഞു.
ആശുപത്രിയിലെ രേഖകള്‍ പ്രകാരം ഈ സമയം സസ്‌പെന്‍ഡ് ചെയ്ത ഡോക്ടര്‍ ഡ്യൂട്ടിയിലില്ല. ജീവന്‍ രക്ഷിക്കാനുള്ള സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് കഴിയാഞ്ഞതാണ് ഇത്തരമൊരു സംഭവമുണ്ടാവാന്‍ കാരണം. ഹൗസ് സര്‍ജ്ജന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ജയസൂര്യ പറഞ്ഞു.പിന്നീട് ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ചശേഷമാണ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്ന് ഇറങ്ങാന്‍ സമരക്കാര്‍ തയ്യാറായത്. ശനിയാഴ്ച്ച മന്ത്രിയുമായി സംസാരിച്ച് തീരമാനം വരുന്നതുവരെ പണിമുടക്ക് തുടരാനാണ് തീരുമാനം.
മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജില്‍സ് ജോര്‍ജ്ജ്, ഒന്നാം വര്‍ഷ പിജി മെഡിസിന്‍ വിദ്യാര്‍ത്ഥി ഡോ. ബിനോ ജോസ് എന്നിവരെ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.ശ്രീകുമാരിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്തത്. ചികിത്സാപിഴവ് ആരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. എന്നാല്‍ ഡോ. ബിനോ ജോസ് കേസ് ഷീറ്റില്‍ ചികിത്സ സംബന്ധിച്ച എല്ലാവിവരവും എഴുതിയിട്ടുണ്ടെന്നും നല്‍കിയ മരുന്നില്‍ പിഴവില്ലെന്നും പിജി സ്റ്റുഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഷംനയുടെ മരണത്തിന് ഇടയാക്കിയതെന്നും അവര്‍ പറഞ്ഞു. ശനിയാഴ്ച മെഡിക്കല്‍ കോളേജില്‍ എത്തുന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി ഭാരാവാഹികള്‍ കൂടിക്കാഴ്ച നടത്തി സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെടും.
കൂടിക്കാഴ്ചയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. അതേസമയം ഡോക്ടര്‍മാരുടെ സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചില്ല. അത്യാഹിത വിഭാഗത്തിലും പ്രസവ വാര്‍ഡിലും ജോലിചെയ്യുന്ന മുപ്പതോളം ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരായി. പിജി വിദ്യര്‍ത്ഥികളും ഹൗസ് സര്‍ജ്ജന്മാരും അടങ്ങുന്ന 160 ഡോക്ടര്‍മാരാണ് 24 മണിക്കൂര്‍ സമരത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."