മമ്പുറം ആണ്ടുനേര്‍ച്ച: ഇന്ന് പ്രാര്‍ഥനാ സമ്മേളനം
മമ്പുറം: ഖുഥ്ബുസ്സുമാന് സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 178ാമത് ആണ്ടുനേര്‍ച്ചയുടെ ഭാഗമായി ഇന്ന് മഖാമില്‍ പ്രാര്ഥനാസമ്മേളനം നടക്കും. നേര്‍ച്ചക്കു നാളെ കൊടിയിറങ്ങും. നേര്‍ച്ചയുടെ ഭാഗമായി ഒരാഴ്ചക്കാലം മമ്പുറം മഖാമില്‍ നടന്ന കൂട്ടസിയാറത്ത്, മതപ്രഭാഷണം, ദുആ സമ്മേളനം, മൗലീദ് പാരായണം തുടങ്ങിയ വിവിധയിനം ചടങ്ങുകള്‍ക്ക് ഇതോടെ സമാപ്തിയാകും. നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ പ്രാര്ഥനാസമ്മേളനം ഇന്നു വൈകുന്നേരം ഏഴിനു കേരള വഖ്ഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും.
നാളെ രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന അന്നദാനത്തോടെയാണു നേര്‍ച്ചയുടെ സമാപനചടങ്ങുകള്ക്കു തുടക്കമാവുക. മഖാം കമ്മിറ്റി പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്നദാനം ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലീദ് ഖത്മ് ദുആയോടെ നേര്‍ച്ചക്ക് വിരാമമാകും.
മതപ്രഭാഷണ പരമ്പരയുടെ അവസാനദിനമായ ഇന്നലെ കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. കേരളീയ സാമൂഹിക മണ്ഡലത്തിലെ തുല്യതയില്ലാത്ത ചരിത്ര പുരുഷനായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങളെന്നു ഖാദി ഓര്‍മിപ്പിച്ചു.
അബ്ദുല്‍ ഖാദര്‍ കുട്ടി ഫൈസി അധ്യക്ഷനായി. ''പരീക്ഷണങ്ങള്‍ പുഞ്ചിരിയോടെ നേരിടണം'' വിഷയത്തില്‍ ഖലീല്‍ ഹുദവി തളങ്കര പ്രഭാഷണം നടത്തി. ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ ''ജീവിത പ്രശ്നങ്ങള്‍ ഖുര്‍ആനില്‍'' എന്ന പുസ്തകം കബീര്‍ സാഹിബ് കുണ്ടൂരിനും അന്‍വര്‍ മുഹ്യുദ്ധീന്‍ ഹുദവിയുടെ മമ്പുറം പ്രഭാഷണ സി.ഡി കാസിം എറണാകുളത്തിനും നല്കി കോഴിക്കോട് ഖാദി പ്രകാശനം ചെയ്തു. വി.പി അബ്ദുല്ലക്കോയ തങ്ങള്‍, കെ.എം സൈതലവി ഹാജി, യു. ശാഫി ഹാജി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി, മൂസ ഹാജി ചിറമംഗലം, അബ്ദുല്ലക്കോയ ഹാജി മൂന്നിയൂര്‍, കെ.പി ശംസുദ്ധീന്‍ ഹാജി, കുട്ട്യാലി ഹാജി, സി.കെ മുഹമ്മദ് ഹാജി, മുഹമ്മദലി ഹാജി കുറ്റൂര്‍ എന്നിവര്‍ സംബന്ധിച്ചു. വി. ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍ സ്വാഗതവും പി.കെ നാസിര്‍ ഹുദവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."