ഫാ.ജെയിംസ് ചെറുവത്തൂര്‍ രജതജൂബിലി നിറവില്‍: പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ സ്വീകരണം ഇന്ന്
ചാവക്കാട്: പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന പാലയൂര്‍ ഫാ.ജെയിംസ് ചെറുവത്തൂരിന്റെ കൃതജ്ഞതാ ദിവ്യബലിയും, അനുമോദന യോഗവും, സ്‌നേഹവിരുന്നും ഇന്ന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ നടക്കും. രാവിലെ 10 ന് പരിപാടികള്‍ ആരംഭിക്കും. അനുമോദന യോഗം മണ്ണുത്തി ഡോണ്‍ബോസ്‌കോ മുന്‍ വൈസ് പ്രൊവിന്‍ഷ്യാള്‍ ഫാ. കെ.ഡി ജോസഫ് ഉദ്ഘാടനം ചെയ്യും. പാലയൂര്‍ തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ അധ്യക്ഷനാകും. സിനിമാനടന്‍ ഷൈന്‍ടോം ചാക്കോ മുഖ്യാതിഥിയായി പങ്കെടുക്കും. പാലയൂര്‍ ചെറുവത്തൂര്‍ പരേതരായ ഇയ്യാക്കുവിന്റെയും ഇറ്റ്യേന്നത്തിന്റെയും മകനായ ഫാ.ജെയിംസ് ചെറുവത്തൂര്‍ എസ്ഡിബി (സലേഷ്യന്‍ ഡോണ്‍ബോസ്‌കാ സഭ) 1991 ഡിസംബര്‍ 29 നാണ് ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്നും പൗരോഹിത്വം സ്വീകരിച്ചത്. നിരവധി വിദേശ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ച ഫാ. ജെയിംസ് ഇപ്പോള്‍ ഹൈദരാബാദിലെ എസ്ഡിബി പ്രൊവിന്‍ഷ്യാള്‍ ഹൗസില്‍ സേവനമനുഷ്ഠിക്കുന്നു. പാരീഷ് പ്രീസ്റ്റ്, കോളജ് അധ്യാപകന്‍ എന്നീ നിലകളിലാണ് സേവനമനുഷ്ഠിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശിലെ ഗുഡൂര്‍, വിജയവാഡ, രാജമന്ത്രി, നല്‍ഗോണ്ട എന്നിവിടങ്ങളില്‍ പാരീഷ് പ്രീസ്റ്റായി സേവനമനുഷ്ഠിച്ചു. സേലം, ഹൈദരാബാദ്, വാറംഗല്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. റോമില്‍ ഒരു വര്‍ഷം മിഷനോളജില്‍ ഉപരിപഠനം നടത്തി. മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഇന്ത്യന്‍ ഭാഷകളും, മംഗോളിയ, ഹംഗറി, ഇറ്റാലിയന്‍ വിദേശഭാഷകളും അദ്ദേഹം കൈകാര്യം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."