ഉപയോഗശൂന്യമായ ടെലഫോണ്‍ പോസ്റ്റുകള്‍ കടത്താന്‍ശ്രമിച്ച സംഘത്തെ പിടികൂടി
ആലക്കോട്: ഉപയോഗശൂന്യമായ ടെലഫോണ്‍ പോസ്റ്റുകള്‍ കടത്തി കൊണ്ട് പോവുകയായിരുന്ന സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെ ആലക്കോട് ടൗണിലാണ് സംഭവം.
ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ ഓഫിസിനു കീഴിലുള്ള ഉപയോഗ ശൂന്യമായ പോസ്റ്റുകള്‍ അതാത് സബ് ഡിവിഷന്‍ ഓഫിസില്‍ എത്തിക്കാന്‍ കരാര്‍ എടുത്തവരാണ് പിടിയിലായത്. പോസ്റ്റ് കടത്താന്‍ ഉപയോഗിച്ചിരുന്ന കെ.എല്‍.57 1923 നമ്പര്‍ നാഷനല്‍ പെര്‍മിറ്റ് ലോറിയും പൊലിസ് കസ്റ്റഡിയിലെടുത്തു. ലോറി തടഞ്ഞതോടെ രണ്ടു പേര്‍ ഓടി രക്ഷപെട്ടു. ഡ്രൈവറും ക്ലീനറും പൊലിസ് കസ്റ്റഡിയിലാണ്.
പോസ്റ്റ് ഒന്നിന് 100 രൂപ നിരക്കില്‍ പറിച്ചെടുത്ത് ഓഫിസുകളില്‍ എത്തിക്കാന്‍ കാസര്‍ഗോഡ് സ്വദേശിയായ റഷീദ് എന്നയാള്‍ കരാര്‍ എടുത്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി സമീപപ്രദേശത്തെ പോസ്റ്റുകള്‍ കൃത്യമായി ഇവര്‍ അരങ്ങത്തുള്ള ഓഫിസില്‍ എത്തിച്ചിരുന്നു. തുടര്‍ന്നാണ് അധികൃതരെ കബളിപ്പിച്ച് പോസ്റ്റുകള്‍ കടത്തികൊണ്ട് പോകാന്‍ ശ്രമിച്ചത്. തേര്‍ത്തലി ഭാഗത്ത് നിന്നുള്ള 140 ഓളം പോസ്റ്റുകളും ബ്രാക്കറ്റ് ഉള്‍പ്പെടെയുള്ള അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഒരു പോസ്റ്റിന് മൂവായിരത്തോളം രൂപ വില വരുമെന്നാണ് കണക്ക്. ബി.എസ്.എന്‍.എല്‍ അധികൃതരുടെ പരാതിയില്‍ ആലക്കോട് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."