മരിച്ചയാളെ പ്രതിയാക്കി പൊലിസ് കേസെടുത്തെന്ന് ആരോപണം
ചെറുതോണി: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ലോറിക്കടിയില്‍പെട്ട് മരിച്ചയാളെ പ്രതിയാക്കി കേസെടുത്തെന്ന് ആരോപണം. ഇടുക്കി പൊലിസിനെതിരെ പ്രതിഷേധം പുകയുന്നു.
കഴിഞ്ഞ ബുധനാഴ്ച തടിയമ്പാട്അശോക കവലക്ക് സമീപം ഉണ്ടായ അപകടത്തില്‍ കൊമ്പൊടിഞ്ഞാല്‍ സ്വദേശിയായ വെളളയാങ്കല് സന്തോഷ് ദിവാകരന്(48) മരണപ്പെട്ടത്.
ലോറിയെ മറികടക്കുന്നതിനിടയില്‍ എതിര്‍ദിശയില്‍ നിന്നു വന്ന ബൈക്കുമായി കൂട്ടിയിടിച്ച് സന്തോഷ് ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ലോറിയുടെ ചക്രം തോളില്‍ കയറിയിരുന്നു. പാറേമാവ് ആയുര്‍വ്വേദ ആശുപത്രിയില്‍ നിന്നും മരുന്നു വാങ്ങി മടങ്ങവേയാണ് സന്തോഷ് അപകടത്തില്‍പ്പെട്ടത്.
സാധാരണ ഗതിയില്‍ ഇത്തരം അപകടമുണ്ടാകുന്ന ഘട്ടത്തില്‍ മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാകുന്ന നിലയില്‍ നടപടിക്രമങ്ങള്‍ എഴുതി തയ്യാറാക്കുന്ന രീതിയാണ് പൊതുവെ പൊലിസ് സ്വീകരിച്ചു വരുന്നത്.
മരണകാരണത്തിനിടയായ വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്യും.
എന്നാല്‍ പൊലിസിന്റെ ഇപ്പോഴത്തെ നടപടിയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
മരണപ്പെട്ട നിര്‍ധന കുടുംബാംഗമായ സന്തോഷിനെതിരെ കേസ് എടുത്തതാണ് പ്രതിഷേധം ശക്തമാക്കുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ച് മരണപ്പെടുകയായിരുന്നുവെന്നാണ് പൊലിസ് റിപ്പോര്‍ട്ട്.
നടപടിയില്‍ പ്രതിഷേധിച്ച് മരണപ്പെട്ട സന്തോഷിന്റെ കുടുംബാംഗങ്ങള്‍ ഇടുക്കി പൊലിസ് സ്റ്റേഷനു മുന്നില്‍ സത്യാഗ്രഹം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."