പരിസ്ഥിതിലോല അനുകൂല സത്യവാങ്മൂലം: ഇടുക്കിയില്‍ 15ന് യു.ഡി.എഫ് ഹര്‍ത്താല്‍
തൊടുപുഴ: ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിറവിക്കും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ യു.ഡി.എഫ് പരാജയത്തിനും വഴിവച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വീണ്ടും കത്തുന്നു.
കേരളത്തിലെ 123 വില്ലേജുകള്‍ ഇപ്പോഴും പരിസ്ഥിതി ലോലമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് യു.ഡി.എഫ് ആയുധമാക്കുകയാണ്. സത്യവാങ്മൂലത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് 15ന് ഇടുക്കി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
പത്തനംതിട്ടയിലെ ഒരു ക്വാറി സ്ഥാപനത്തിന് പരിസ്ഥിതി അനുമതി നിഷേധിച്ചതിനെതിരെയുളള ഹരജിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.പരിസ്ഥിതി ലോലമെന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുളള 123 വില്ലേജുകളിലെ കുടിയിറക്ക് ഭീഷണി ഉയര്‍ത്തിക്കാട്ടിയാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ഹൈറേഞ്ച് സംരക്ഷണ സമിതി കൂട്ടുകെട്ട് വിജയം നേടിയത്.
എല്‍.ഡി.എഫിന്റെ കര്‍ഷക പ്രേമം കാപട്യമെന്ന് സത്യവാങ്മൂലത്തിലൂടെ തെളിഞ്ഞതായി യു.ഡി.എഫ് ആരോപിക്കുന്നു. അതേ സമയം പശ്ചിമഘട്ട സംരക്ഷണത്തിന്റെ മറവില്‍ വാണിജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുളള ശ്രമങ്ങളാണ് ക്വാറി മാഫിയയുടെ വ്യവഹാരത്തിന് പിന്നിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം മണി എം.എല്‍.എ പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നിലപാടുകള്‍ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. കൃഷിയിടങ്ങളേയും, ജനവാസകേന്ദ്രങ്ങളേയും, തോട്ടങ്ങളേയും, ടൗണ്‍ഷിപ്പുകളേയും പൂര്‍ണ്ണമായും റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്നും മാറ്റുക എന്നുള്ളതാണിത്.
മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കൃത്യതയോടെ വ്യക്തമാക്കിയിട്ടുണ്ട് എന്നിരിക്കേ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാര്‍ത്തകളുമായി ചിലര്‍ രംഗത്തു വന്നിട്ടുള്ളത് സ്ഥാപിത താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്.
കൃഷിക്കാര്‍ക്കും, ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പശ്ചിമഘട്ട സംരക്ഷണം നടപ്പിലാക്കണമെന്നതാണ് എല്‍ .ഡി .എഫിന്റെ പ്രഖ്യാപിത നിലപാട്. എന്നാല്‍ ഇതിന്റെ മറവില്‍ നിയമവിരുദ്ധമായ പാറഖനം ഉള്‍പ്പടെയുള്ള മാഫിയകളുടെ താല്‍പര്യം സംരക്ഷിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും മണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."