കൃഷിനാശം നേരിട്ടവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷക ഫെഡറേഷന്‍
ആലപ്പുഴ: മുഞ്ഞയും വരിനെല്ലും കവടയും ബാധിച്ച് കുട്ടനാട്ടില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് ബേബിപാറക്കാടന്‍ കൃഷി വകുപ്പു മന്ത്രിക്കു നിവേദനം നല്‍കി. കൈനകരി, നെടുമുടി, ചമ്പക്കുളം, തകഴി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലായി കൃഷിനാശം സംഭവിച്ചിട്ടുളളത്. ഏതാണ്ട് 300 ഹെക്ടറിലെ കൃഷി പൂര്‍ണ്ണമായും 125 ഹെക്ടറില്‍ ഭാഗീകമായും കൃഷിനാശം സംഭവിച്ചു.
കാലാവസ്ഥയിലുണ്ടായ മാറ്റമാണ് മുഞ്ഞ ബാധിക്കാനിടയായത്. അമിതമായ കീടനാശിനി പ്രയോഗമാണ് രോഗാവസ്ഥയ്ക്കുള്ള കാരണമെന്ന നിഗമനം ശരിയല്ല. ജാഗ്രതയായുള്ള നിരീക്ഷണവും ഫലപ്രദമായ ഇടപെടലും ഒഴിവായതാണ് രോഗം വ്യാപിക്കാന്‍ ഇടയായത് എന്നതാണ് യാഥാര്‍ത്ഥ്യം. ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഭരണകൂടത്തിന് സാദ്ധ്യമല്ല.
കവടയുടേയും വരിനെല്ലിന്റേയും വിത്തുകള്‍ യഥാര്‍ത്ഥ നെല്‍വിത്തിനൊപ്പം വരുന്നതാണെന്നും അശ്രദ്ധ മൂലമാണ് കുട്ടനാട്ടില്‍ ഇത് വ്യാപിക്കുന്നതെന്നും ബേബി പാറക്കാടന്‍ പറഞ്ഞു.നെല്ല് വിത്ത് വിളഞ്ഞ് പാകം ആകും മുമ്പേ വരിനെല്ല് വിത്തുകള്‍ വിളഞ്ഞ് പാടത്തു തന്നെ കൊഴിഞ്ഞു വീഴും. ഇങ്ങനെ കൊഴിഞ്ഞു വീഴുന്ന വരിനെല്ല് വിത്തുകള്‍ക്ക് 12 വര്‍ഷം കൃഷിഭൂമിയില്‍ കേടുകൂടാതെ കിടക്കുവെന്നാണ് പഴമക്കാര്‍ പറയുന്നത്. കിളിര്‍ക്കാന്‍ അനുകൂലമായ സാഹചര്യം വന്നാല്‍ പൊട്ടിക്കിളിര്‍ക്കും. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന നെല്‍വിത്തുകളിലും കൂടി വരിനെല്ല് കടന്നുവരുന്നതായി സംശയിക്കുന്നു.ശാസ്ത്രീയമായ അന്വേഷണങ്ങളിലൂടെ ഗവേഷണം നടത്തി കവട,വരിനെല്ല് ഉന്മൂലനം ചെയ്യാന്‍ മാര്‍ഗ്ഗം കണ്ടെത്തണം.
അടിയന്തിരമായി കൃഷിനാശനഷ്ടപരിഹാരം നല്‍കുകയും വരിനെല്ല് പൂര്‍ണ്ണമായി ഇല്ലാതാക്കാനുള്ള ഗവേഷണങ്ങള്‍ ആരംഭിക്കുകയും ചെയ്യണമെന്ന് കേരള സംസ്ഥാന നെല്‍- നാളികേര കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് ബേബിപാറക്കാടന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാറിന് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേരള കര്‍ഷക യൂണിയന്‍ സെക്യൂലര്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി, സിബി കല്ലുപാത്ര, ജോഷി പരുത്തിക്കല്‍ എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."