ഗവ.മെഡിക്കല്‍ കോളജുകളെ എയിംസ് നിലവാരത്തിലേക്കുയര്‍ത്തും: മന്ത്രി
കളമശ്ശേരി: ഗവ.മെഡിക്കല്‍ കോളജുകളെ എയിംസ് നിലവാരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. ഇതിന്റെ ആദ്യ പദ്ധതിയെന്നോണം ആധുനികരീതിയലുള്ള ഒ.പി സംവിധാനം തെരഞ്ഞെടുത്ത മെഡിക്കല്‍ കോളജുകളില്‍ പരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ള കിടപ്പുരോഗികള്‍ക്ക് സൗജന്യമായി റൊട്ടിയും പാലും വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആര്‍.എസ്.ബി.വൈയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ രോഗികള്‍ക്കും ഇതിന്റെ ഗുണം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയിലെത്തുന്ന രോഗികളുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് ആര്‍ദ്രം പദ്ധതിയില്‍ ഉല്‍പ്പെടുത്തി മെഡിക്കല്‍ കോളജുകളുടെ ഒ.പി വികസനം നടത്താന്‍പോകുന്നത്. സംസ്ഥാനത്ത് പടിച്ചിറങ്ങുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളെ സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് മന്ത്രി പറഞ്ഞു.
പ്രായോഗിക പഠനത്തിനുള്ള അവസരം പല ഗവ.മെഡിക്കല്‍ കോളജുകളിലും വിദ്യാര്‍ഥികള്‍ക്കില്ല. എറണാകുളം മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം അതിന് ഉദാഹരണമാണ്. പലയിടത്തും സ്‌പെഷ്യലിസ്റ്റ് ഫണ്ടിന്റെ ബുദ്ധിമുട്ടുള്ളപ്പോള്‍ത്തന്നെയാണ് മെഡിക്കല്‍ കോളജിലെ കാത്ത്‌ലാബിന് സര്‍ക്കാര്‍ ഇടപെട്ട് പണമനുവദിച്ചത്.
അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം എന്നത് ഒരു നല്ല മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് വളരെ ചുരുങ്ങിയ കാലമാണ്. അനുവദിക്കുന്ന ഫണ്ട് കടലില്‍ കായം കലക്കുന്നതുപോലെയാണ്. എങിലും കുറഞ്ഞ സൗകര്യങ്ങലെങ്കിലും എല്ലാ മെഡിക്കല്‍ കോളേജില്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ശൈലജ പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡോ.വി.കെ ശ്രീകല അധ്യക്ഷയായി, സൂപ്രണ്ട് ഡോ.അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍, മിനി സോമദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."