പമ്പിങ് മുടങ്ങി; തൃക്കളത്തൂര്‍ മേഖലയിലെ ജല വിതരണം തടസപ്പെട്ടു
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ ചിറ, പള്ളിച്ചിറങ്ങരചിറ എന്നിവിടങ്ങളില്‍ വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന് തൃക്കളത്തൂരില്‍ കുടിവെള്ള വിതരണം മുടങ്ങി. പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ പായിപ്ര കുടിവെള്ള വിതരണപദ്ധതിക്കായി മൂവാറ്റുപുഴ ആറില്‍നിന്നും തൃക്കളത്തൂര്‍ ചിറകളിലെ പമ്പ്ഹൗസില്‍നിന്നാണ് വെള്ളമെത്തിക്കുന്നത്. പായിപ്ര മേഖലയിലലേയ്ക്കുള്ള കുടിവെള്ളം ശേഖരിക്കുന്ന തൃക്കളത്തൂര്‍ ചിറയിലെ വെള്ളം വളരെയധികം താഴ്ന്നതോടെ, ഇവിടെ സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസില്‍ വെള്ള ശേഖരണത്തിനുള്ള ജല ഉറവ കുറഞ്ഞു. ഇതോടെ പമ്പിങ് തടസപ്പെട്ടു.
രണ്ട് വര്‍ഷം മുമ്പ് ടൂറിസം പദ്ധതിയില്‍പെടുത്തി ലക്ഷങ്ങള്‍ മുടക്കി സംരക്ഷിച്ചുപോന്ന ചിറ പ്രദേശവാസികള്‍ക്ക് കുടിവെള്ളത്തിന് സഹായകരമായിരുന്നു. കനത്ത വേനലില്‍ മാത്രം വറ്റാറുള്ള ചിറയില്‍ ഇപ്പോള്‍ വെള്ളം താഴ്ന്ന് തുടങ്ങിയത് നിരവധി കുടുംബങ്ങള്‍ക്ക് ദിവസേന ആവശ്യത്തിനുള്ള ജലദൗര്‍ലഭ്യം നേരിട്ടിരിക്കുകയാണ്.
ഉയര്‍ന്നപ്രദേശമായ ഇവിടെ പലവിടുകളിലും കിണറില്ലാത്തത് ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. പൈപ്പുവെള്ളത്തെ ആശ്രയിച്ചാണ് മിക്ക കുടുംബങ്ങളും മുന്നോട്ടുനീങ്ങുന്നത്. കനത്ത വരള്‍ച്ച വരാനിരിക്കേ ഇപ്പോള്‍തന്നെ ചിറകളിലെ ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ളംമുട്ടുമോയെന്ന ആശങ്കയിലാണ് പായിപ്ര നിവാസികള്‍. ഇത് പരിഹരിക്കുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ വാഹനങ്ങളില്‍ ജലവിതരണം നടത്തണമെന്ന ആവശ്യം അധികാരികളോട് പ്രദേശവാസികള്‍ ഉന്നയിച്ചു.
കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ വാഹനത്തില്‍ വെള്ളമെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. ഇതിനായി മൂവാറ്റുപുഴ ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തിയതായും എംഎല്‍എ പറഞ്ഞു. തൃക്കളത്തൂര്‍ പെരിയാര്‍ വാലി കനാലില്‍ വെള്ളം തുറന്ന് വിടാത്തതിനെ തുടര്‍ന്ന് തൃക്കളത്തൂര്‍ ചിറ വറ്റിയതാണ് ഇവിടെ പമ്പിംഗ് മുടങ്ങാന്‍ കാരണം. ഭൂതത്താന്‍ കെട്ട് ഡാമില്‍ ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡാമില്‍ നിന്നും വെള്ളം തുറന്ന് വിടാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം ജില്ലയിലെ എംഎല്‍എമാരുടെ യോഗത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വച്ച് വെള്ളം തുറന്ന് വിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കാലാകാലങ്ങളില്‍ നടക്കുന്ന കനാല്‍ അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ വെള്ളം തുറന്ന് വിടാന്‍ പറ്റാത്ത അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."