പൊതുമുതല്‍ പാര്‍ട്ടി പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെര. കമ്മിഷന്‍
ന്യൂഡല്‍ഹി: പൊതുമുതലും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് പാര്‍ട്ടി പ്രചാരണം നടത്തരുതെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശനനിര്‍ദേശം. ഖജനാവിലെ പണമുപയോഗിച്ചുള്ള പരസ്യങ്ങള്‍ ഒരു നിലയ്ക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തിന് ഉപയോഗിക്കരുത്. പാര്‍ട്ടി പ്രചാരണത്തിനു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമെ സര്‍ക്കാരിനു കീഴിലുള്ള കേന്ദ്രങ്ങളോ സ്ഥാപനങ്ങളോ ഉപയോഗിക്കരുതെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
നിയമം ലംഘിക്കുന്നത് കമ്മിഷന്റെ നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ അവഗണിക്കുന്നതുപോലെ കണ്ടു നടപടിയെടുക്കുമെന്ന് കമ്മിഷന്‍ മുന്നറിയിപ്പു നല്‍കി. ഇതുസംബന്ധിച്ച നിര്‍ദേശമുള്ള കത്ത് കമ്മിഷന്‍ എല്ലാ ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെയും പ്രസിഡന്റ്-സെക്രട്ടറിമാര്‍ക്ക് അയച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും മറ്റും ചര്‍ച്ചചെയ്ത ശേഷമാണ് കമ്മിഷന്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. ചര്‍ച്ചയില്‍ നിര്‍ദേശത്തെ ഭൂരിഭാഗം പാര്‍ട്ടികളും സ്വാഗതം ചെയ്തതായി കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ ബി.എസ്.പി നേതാവ് മായാവതി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പുചിഹ്നമായ 'ആന'യുടെ പ്രതിമ സംസ്ഥാനത്തെ നിരവധി പ്രദേശങ്ങളില്‍ സ്ഥാപിച്ചതു വിവാദമായിരുന്നു.
കോടിക്കണക്കിനു രൂപ മുടക്കി 200ഓളം ആനപ്രതിമകളായിരുന്നു ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ മായാവതി പണികഴിപ്പിച്ചത്. ഇതേതുടര്‍ന്ന് ബി.എസ്.പിയുടെ ചിഹ്നം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി മുന്‍പാകെ ഒരു സര്‍ക്കാരിതര സംഘടന പൊതുതാല്‍പര്യ ഹരജിയും നല്‍കി.
കഴിഞ്ഞ ജൂലൈയില്‍ ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച ഹൈക്കോടതി, ഇതുസംബന്ധിച്ച തീരുമാനമെടുക്കാനുള്ള അവകാശം തെരഞ്ഞെടുപ്പു കമ്മിഷന് വിടുകയായിരുന്നു. ഇതിനു പിന്നാലെയാണ് കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."