എന്തു ചെയ്യണം ഹൃദ്രോഗ ലക്ഷണം കണ്ടാല്‍
ഹൃദയാഘാത ലക്ഷണം കണ്ടാല്‍ മടിക്കരുത്. ഉടന്‍ പരസഹായം തേടണം. നടക്കാനോ ഓടാനോ പാടില്ല. സ്വയം ഡ്രൈവ് ചെയ്ത് ഡോക്ടറുടെയടുത്ത് പോകരുത്. അടുത്തുള്ള ആശുപത്രിയില്‍ പരസഹായത്തോടെ പോയി ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ നടത്തണം. ആംബുലന്‍സില്‍ പോകുന്നതാണ് ഏറ്റവും നല്ലത്. എങ്കില്‍ സമയനഷ്ടം ഒഴിവാകും. സമയം നഷ്ടപ്പെടുത്താതെ പെട്ടെന്നുള്ള ചികിത്സയാണ് ഹൃദ്രോഗത്തിനു വേണ്ടത്. വൈകിയാല്‍ മരണം വരെ സംഭവിക്കാം.
സമയം നഷ്ടമാകുന്നതിനനുസരിച്ച് ഹൃദയധമനിയിലേക്കുള്ള രക്തം കട്ടപിടിക്കുന്നതിനാല്‍ ഹൃദയപേശിയുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്യും. അതിനാല്‍ രക്തം കട്ട പിടിച്ചിരിക്കുന്നത് അലിയിപ്പിക്കാനും പൂര്‍വസ്ഥിതിയിലാക്കാനുമുള്ള ചികിത്സയാണ് വേണ്ടത്. ഇ.സി.ജി, എക്കോ, ആന്‍ജിയോഗ്രാം തുടങ്ങിയ പരിശോധനകള്‍ നടത്തി അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യണം. ആന്‍ജിയോപ്ലാസ്റ്റി സൗകര്യമില്ലാത്ത ആശുപത്രിയിലാണ് എത്തുന്നതെങ്കില്‍ സൗകര്യമുള്ള ആശുപത്രിയില്‍ പോകണം. കാലതാമസം ഉണ്ടെങ്കില്‍ സി.സി.യുവില്‍ അഡ്മിറ്റ് ചെയ്ത് കട്ടപിടിച്ച രക്തം അലിയിപ്പിക്കുന്നതിനുള്ള മരുന്ന് എടുക്കണം.
ഇങ്ങനെ ചെയ്യുന്നത് മൂലം രക്തയോട്ടം സാധാരണരീതിയിലാകും. താമസം ഇല്ലാതെ ചെയ്യുകയാണെങ്കില്‍ പേശിയുടെ പ്രവര്‍ത്തനം സാധാരണ രീതിയിലേക്ക് വരാനും സാധ്യത കൂടുതലാണ്. താമസം വന്നാല്‍ ഹൃദയപ്രവര്‍ത്തനം നിലച്ചു പേശി പൂര്‍ണമായും നശിക്കുകയും ഹൃദയസ്തംഭനം ഉണ്ടാകുകയും ചെയ്യും. ഇത്തരം രോഗികളില്‍ പിന്നീട് ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് ശസ്ത്രക്രിയകള്‍ ചെയ്താലും ഹൃദയപേശിയുടെ പ്രവര്‍ത്തനം സാധാരണ രീതിയിലാകില്ല.
ഹൃദയാഘാതം വന്നുകഴിഞ്ഞാല്‍ കഴിയുന്നതുംവേഗം ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് ഹൃദയധമനിയിലെ രക്തം കട്ടപിടിച്ചത് മാറ്റണം. ഇങ്ങനെ ചെയ്താല്‍ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് 25 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."