നൂറ്റാണ്ട് പിന്നിടുമ്പോഴും ശ്രദ്ധേയമായി മമ്പുറം തങ്ങളുടെ കവിതകള്‍
തിരൂരങ്ങാടി: വിയോഗത്തിന് ശേഷം 178 ആണ്ടുകള്‍ പിന്നിടുമ്പോഴും കേരളീയ സാഹചര്യത്തില്‍ വീണ്ടും ശ്രദ്ദേയമാവുകയാണ് മമ്പുറം സയ്യിദ് അലവി തങ്ങള്‍ രചിച്ച കവിതകള്‍. മമ്പുറം തങ്ങള്‍ അവസാന കാലത്ത് രചിച്ചതെന്ന് കരുതപ്പെടുന്ന ഈ കവിതകള്‍ ആധുനിക സാഹചര്യത്തോട് ഏറെ വ്യക്തതയോടെയാണ് സംവദിക്കുന്നത്. അറബി ഭാഷയില്‍ അഗ്രഗണ്യനും നിമിഷ കവിയുമായിരുന്ന തങ്ങള്‍ തന്റെ അരുമ ശിഷ്യനായിരുന്ന ഔക്കോയ മുസ്ലിയാര്‍ക്ക് പറഞ്ഞുനല്കിയതാണ് ഈ കവിതകള്‍. തങ്ങളുടെ നിര്‍ദേശ പ്രകാരം ജനങ്ങള്‍ വായിക്കുന്നതിന് വേണ്ടി പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ മിഹ്റാബില്‍ ഇവ എഴുതി പ്രദര്‍ശിപ്പിക്കുകയുണ്ടായി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതിന് ശേഷം ഇവിടെയുണ്ടാകുന്ന സംഭവ വികാസങ്ങളാണ് കവിതയിലെ പ്രതിപാദ്യ വിഷയം.
അക്രമികളായ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമെന്നും ശേഷം കടുത്ത ദാരിദ്ര്യം കാരണം ജനങ്ങള്‍ വലയുമെന്നും അദ്ദേഹം പറയുന്നു. ഭൗതിക നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഭരണകൂടമായിരിക്കും അവര്‍ക്ക് ശേഷം ഇന്ത്യ ഭരിക്കുക, പുകയിലയുടെയും ലഹരിയുടെയും ഉപയോഗം വര്‍ധിക്കുകയും ജനങ്ങള്‍ അവക്കടിമയായി മാറുകയും ചെയ്യും, അനന്തര സ്വത്തുകള്‍ തുല്യമായി വീതം വയ്ക്കണമെന്ന് വാദിക്കുന്നവര്‍ ഇവിടെയുണ്ടാകും തുടങ്ങിയ കാര്യങ്ങള്‍ ഏറെ സൂക്ഷ്മതയോടെ അദ്ദേഹം വിവരിക്കുന്നുണ്ട്.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതിന് ഒരു നൂറ്റാണ്ട് മുന്‍പ് തങ്ങള്‍ നടത്തിയ പ്രവചനങ്ങള്‍ കാലിക പ്രസക്തി കൊണ്ട് ഇന്നും ശ്രദ്ധേയമാകുമ്പോള്‍ അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണവും സാമൂഹിക സാഹചര്യങ്ങളെ അപഗ്രഥിക്കാനുള്ള കഴിവുമാണ് വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."