ചലനമുണ്ടാക്കാതെപോയ ദേശീയകൗണ്‍സില്‍
ഭാരതീയ ജനതാ പാര്‍ട്ടിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ പ്രമുഖനേതാവും സംഘ്പരിവാറിന്റെ താത്വികാചാര്യനുമായിരുന്ന ദീനദയാല്‍ ഉപാധ്യായയുടെ നൂറാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായാണ് ബി.ജെ.പിയുടെ ദേശീയകൗണ്‍സില്‍ കോഴിക്കോട്ടു നടന്നത്. അരനൂറ്റാണ്ടുമുന്‍പ് ദീനദയാല്‍ ഉപാധ്യായ ജനസംഘത്തിന്റെ ദേശീയാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഓര്‍മപുതുക്കല്‍ കൂടിയായിരുന്നു അത്.
എങ്കിലും, ദേശീയകൗണ്‍സിലിലെ പ്രമേയങ്ങളോ ചര്‍ച്ചകളോ ഒരു ചലനവുമുണ്ടാക്കിയില്ലെന്നതാണു സത്യം. കേരളരാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് ഒരുതരത്തിലുള്ള ചലനവും സൃഷ്ടിക്കാനാവില്ലെന്നതിന്റെ നേര്‍ക്കാഴ്ചകൂടിയാണ് ഇത്. കേന്ദ്രഭരണത്തിന്റെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയും കോടികളൊഴുക്കിയും ഇവന്റ് മാനേജ്‌മെന്റിന്റെ നിയന്ത്രണത്തില്‍ നടത്തിയ സമ്മേളനമാമാങ്കത്തിനു സമ്മേളനം കഴിഞ്ഞുള്ള ഒരു ദിവസംപോലും നിലനില്‍പ്പുണ്ടായില്ലെന്നത് ആശയദാരിദ്ര്യത്തെയാണു പ്രതിഫലിപ്പിക്കുന്നത്.
വിവിധമേഖലകളില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന കേരളത്തില്‍ വന്ന് കേരളത്തെ മികച്ച സംസ്ഥാനമാക്കുമെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി താന്‍ നീണ്ട 15 വര്‍ഷം ഭരിച്ച ഗുജറാത്തിനെ കേരളം എത്രത്തോളം പിന്നിലാക്കിയിട്ടുണ്ടെന്നെങ്കിലും ഓര്‍ക്കേണ്ടതായിരുന്നു.
മതേതരജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വായില്‍നിന്ന് ഒരിക്കലും വരാന്‍പാടില്ലാത്തതായ രീതിയിലാണ് മുസ്‌ലിം ന്യൂനപക്ഷത്തോടുള്ള നിലപാടു മോദി അവതരിപ്പിച്ചത്. മുസ്‌ലിംകളെ മാറ്റിനിര്‍ത്തില്ലെന്നും അവരെ പ്രീണിപ്പിക്കുന്നതിനുപകരം ശുദ്ധീകരിക്കുകയെന്ന ദീനദയാലിന്റെ മാതൃക തുടരുമെന്നുമാണു മോദി പറഞ്ഞത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച മതേതരത്വകാഴ്ചപ്പാടുകളെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുകയും ആ സങ്കല്‍പ്പത്തിന്റെ ശത്രുവായി സ്വയംപ്രഖ്യാപിക്കുയും ചെയ്തയാളാണു ദീനദയാല്‍ ഉപാധ്യായ എന്ന സത്യത്തെയാണ് മോദിയുടെ വാക്കുകളുമായി കൂട്ടിവായിക്കേണ്ടത്.
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കു പ്രത്യേകം അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനാവകുപ്പുകള്‍ എടുത്തുകളയണം, മുസ്‌ലിം ന്യൂനപക്ഷാവസ്ഥ പഠിച്ചു തയാറാക്കി സമര്‍പ്പിച്ച രജീന്ദ്ര സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണം, മതന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണം എന്നേയ്ക്കുമായി നിര്‍ത്തലാക്കണം തുടങ്ങി ധാരാളം വൈരുധ്യനിലപാടു വച്ചുപുലര്‍ത്തുന്ന പ്രസ്ഥാനമാണു സംഘ്പരിവാര്‍. ആ തീരുമാനമെടുക്കുന്നതിലേയ്ക്കു നയിച്ച അതിതീവ്രവാദനിലപാടിന്റെ പ്രാണേതാക്കളിലൊരാളാണ് ദീനദയാല്‍. അങ്ങനെയൊരാളുടെ മാര്‍ഗം പിന്തുടരുമെന്നതിന്റെ അര്‍ഥം വ്യക്തമല്ലേ.
പണ്ട് ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിച്ച ആര്യസമാജത്തിന്റെ ഒരു പദ്ധതിയുണ്ടായിരുന്നു. ശുദ്ധിപ്രസ്ഥാനമെന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. വിദേശമതം കൊണ്ടുനടക്കുന്ന മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ശുദ്ധീകരണപ്രക്രിയയ്ക്കു വിധേയമാക്കി ഹിന്ദുവാക്കി മാറ്റിയെടുക്കുകയെന്നതായിരുന്നു ലക്ഷ്യം. ഇന്നു സംഘ്പരിവാര്‍ രാജ്യത്ത് അങ്ങിങ്ങായി നടപ്പാക്കിപ്പോരുന്ന ഘര്‍വാപസിയുടെ ആദ്യകാലരൂപം. ഇതാണോ മോദി ഉദ്ദേശിച്ച ശുദ്ധീകരണമെന്നു മോദിയോ ബി.ജെ.പിയോ വ്യക്തമാക്കേണ്ടിയിരിക്കുന്നു. അതാണു ശുദ്ധീകരണമെങ്കില്‍ അതത്ര സംശുദ്ധ നടപടിയായിരിക്കില്ല.
ഉറിയില്‍ ജീവന്‍ ത്യജിച്ച ധീരജവാന്മാരുടെ പേരുപറഞ്ഞു കോഴിക്കോട്ട് കടപ്പുറത്തു മുതലക്കണ്ണീരൊഴുക്കുകയും പാകിസ്താനെ വെല്ലുവിളിക്കുകയും ചെയ്ത മോദി നിമിഷങ്ങള്‍ക്കുശേഷം മഞ്ജുവാര്യരടക്കമുള്ള കലാകാരന്മാരുടെ വിനോദപരിപാടികളില്‍ മുഴുകുന്ന കാഴ്ചയാണു നമ്മള്‍ കണ്ടത്. രാജ്യസുരക്ഷയെ ബാധിക്കുന്ന സങ്കീര്‍ണഘട്ടത്തില്‍പ്പോലും കൃത്യമായ ആത്മാര്‍ഥത പ്രകടിപ്പിക്കാന്‍ കഴിയാത്ത ഭരണാധികാരി ഇന്ത്യ ഭരിച്ചിട്ടില്ല.
ഉറിയിലെ ഭീകരാക്രമണത്തിനുശേഷമുള്ള പ്രധാനമന്ത്രിയുടെ പൊതുവേദിയിലെ ആദ്യപ്രസംഗമായതുകൊണ്ട് ആകാംഷയോടെയാണു പൊതുജനം കോഴിക്കോട്ടെ പ്രസംഗം ശ്രവിച്ചത്.
എന്നാല്‍, വെറുംവര്‍ത്തമാനങ്ങളും ആക്രോശങ്ങളും മാത്രമായി ചുരുങ്ങി അത്. ചോരയും വെള്ളവും ഒന്നിച്ചുപോകില്ലെന്നും മറ്റുമുള്ള ചെറിയവായിലെ വലിയ വര്‍ത്തമാനങ്ങളല്ലാതെ മറ്റൊന്നും കേള്‍ക്കാനായില്ല.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാസ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഏറെ പ്രസക്തമാണ്.
പാകിസ്താനെ ഭീകരരാഷ്ട്രമായി പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രഖ്യാപിക്കണമെന്നും പാകിസ്താനുമേല്‍ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തണമെന്നും അവര്‍ക്കുള്ള സാമ്പത്തികസഹായം വെട്ടിക്കുറയ്ക്കുന്നതിനു ലോകരാഷ്ട്രനേതാക്കളുമായി സംസാരിക്കണമെന്നും ബലൂചിസ്ഥാന്‍ നേതാവ് ബുഗ്തിക്ക് അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കണമെന്നും മറ്റും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബി.ജെ.പിയുടെ ഘടകകക്ഷിയായ ശിവസേനയുടെ മുഖപത്രം സാമ്‌നയുടെ മുഖപ്രസംഗവും പ്രസക്തമാവുന്നു. ഇന്ത്യ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തന്റെ 56 ഇഞ്ച് വിരിഞ്ഞ നെഞ്ചിന് കഴിയുമെന്നു 2014 ല്‍ മോദി പറഞ്ഞിരുന്നുവെന്നു പറഞ്ഞാണു സാംനയുടെ മുഖപ്രസംഗം തുടങ്ങുന്നത്. ഇപ്പോള്‍ 56 ഇഞ്ച് നവാസ് ഷരീഫിനാണെന്നും മോദി പറയുമ്പോലെ പാകിസ്താന്‍ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ടിട്ടില്ലെന്നു റഷ്യയുമായുള്ള സൈനികാഭ്യാസവും ചൈനയുടെ പിന്തുണയും വ്യക്തമാക്കുന്നുവെന്നും അതില്‍ പറയുന്നു. നേപ്പാള്‍ പോലും പാകിസ്താന്റെ സുഹൃത്താണ്.
1971 ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ബംഗ്ലാദേശ് പ്രശ്‌നത്തില്‍ പാകിസ്താനുമായി യുദ്ധമുണ്ടായപ്പോള്‍ സൈന്യത്തെ അയച്ചു തന്നു ഇന്ത്യയെ പിന്തുണച്ച രാഷ്ട്രമാണ് റഷ്യയെന്നും ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ പാകിസ്താനല്ല ഇന്ത്യയാണു യഥാര്‍ഥത്തില്‍ ഒറ്റപ്പെട്ടതെന്നു നാം കാണണമെന്നും സാമ്‌ന പറയുന്നു. ദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ട് ഉറി വിഷയം ഗൗരവ ചര്‍ച്ചയ്ക്കുപോലും വിധേയമായില്ലെന്നതു പരിതാപകരമാണ്.
ചുരുക്കത്തില്‍, ഒരു ചര്‍ച്ചയുമില്ലാതെയും നിര്‍മാണപരമായ ഒരു നിര്‍ദ്ദേശങ്ങളില്ലാതെയുമാണ് ദശകോടികള്‍ ചെലവഴിച്ച നടത്തിയ ദേശീയ കൗണ്‍സില്‍ സമ്മേളനം അവസാനിച്ചത്.
സമ്മേളനത്തിന്റെ ദിവസങ്ങളില്‍ കോഴിക്കോട് നഗരത്തില്‍ അവധി ദിവസത്തിന്റെ പ്രതീതിയായിരുന്നു. വീഥികളില്‍ വാഹനങ്ങള്‍ നന്നേ കുറവായിരുന്നു. അതുകൊണ്ടുതന്നെ വഴിത്താരകള്‍ വിജനമായി.
പ്രധാനമന്ത്രിയും ഒന്‍പതോളം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അന്‍പതു കേന്ദ്രമന്ത്രിമാരും ഇരുന്നൂറ്റി അന്‍പതിലേറെ സംസ്ഥാന മന്ത്രിമാരും മുന്നൂറിലധികം പാര്‍ലമെന്റംഗങ്ങളും പങ്കെടുത്ത സമ്മേളനത്തിനു കടപ്പുറത്ത് മാത്രമേ ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."