മാറാക്കരയില്‍ സി.പി.എം വികസന മുന്നണി വിട്ടു; ലീഗിന് ഭരണം കിട്ടിയേക്കും
പുത്തനത്താണി: മാറാക്കര ഗ്രാമ പഞ്ചായത്തില്‍ സി.പി.എം- കോണ്‍ഗ്രസ് (ഐ) കൂട്ടുകെട്ട് തകര്‍ന്നു. ജനകീയ വികസന മുന്നണിയില്‍ നിന്നു സി.പി.എം പിന്മാറി. ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നു വികസന മുന്നണി കണ്‍വീനറും സി.പി.എം നേതാവുമായ കെ.പി രമേശന്‍ അറിയിച്ചു. ദിവസങ്ങള്‍ക്കു മുമ്പു നടന്ന യൂത്തു കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലുംസി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ പ്രകടത്തിന് താക്കീതായി സി.പി.എം പ്രവര്‍ത്തകരും പ്രകടനം വിളിച്ചതോടെ ഭൂരിഭാഗം സി.പി.എം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ പോര് രൂക്ഷമാവുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ നയത്തിനും നിലപാടിനും വിരുദ്ധമായി തിരഞ്ഞെടുപ്പു നീക്കു പോക്കുണ്ടാക്കിയതിന്റെ പേരില്‍ പാര്‍ടി നടപടിക്കു വിധേയരായ തങ്ങള്‍ക്കു തെറ്റ് പൂര്‍ണമായി ബോധ്യപ്പെട്ടെന്നും കണ്‍വീനര്‍ രമേശന്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയതോടെ അടുത്ത ഗ്രാമ പഞ്ചായത്ത് പ്രവൃത്തി ദിവസമായ വ്യാഴാഴ്ച സെക്രട്ടറിക്കു പിന്തുണ പിന്‍വലിച്ചുകൊണ്ടും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു കൊണ്ടും കത്തു നല്‍കും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസ്, സി.പി.എം സഖ്യത്തിലുള്ള ജനകീയ വികസന മുന്നണിയും തമ്മിലായിരുന്നു മത്സരം. ജനകീയ വികസന മുന്നണിക്ക്- ഒന്‍പതും മുസ്‌ലിം ലീഗിന് -ഒന്‍പതും സീറ്റുകള്‍ ലഭിച്ചു. ലീഗ് വിമതരായ രണ്ടു പേരും വിജയിച്ചു. വ്യവസ്ഥകള്‍ക്ക് വിധേയമായി രണ്ടു വിമതരുടെ പിന്തുണയും ജനകീയ വികസന മുന്നണി നേടിയിരുന്നു. വികസന മുന്നണി ബന്ധം സി.പി.എം അവസാനിപ്പിക്കുന്നതോടെ വിമതരുടെ പിന്തുണയോടെ ലീഗ് ഭരണത്തിലെത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."