തിരൂരില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം; മൂന്നു പേര്‍ക്ക് പരുക്ക്
തിരൂര്‍: വീട്ടിലേക്കുള്ള വഴി മുടക്കി വാഹനം നിര്‍ത്തിയതു ചോദ്യം ചെയ്തതിനെത്തുടര്‍ന്നു ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം. വീട്ടിലെ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്ത സംഘം മൂന്നു വാഹനങ്ങളും നശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ തിരൂരിലെ പൊലിസ് ലൈനിലാണു സംഭവം. ആക്രമണത്തില്‍ ഗൃഹനാഥനുള്‍പ്പടെ മൂന്നു പേര്‍ക്കു പരുക്കേറ്റു.
പൊലിസ് ലൈന്‍ കുഴിപ്പയില്‍ അബ്ദുല്‍കാദര്‍ ഹാജി (49), സഹോദരന്‍ റിയാസ് (37), ഇവരുടെ വീട്ടില്‍ വന്ന അന്നാര അമ്പായത്തില്‍ ദിലീപ് (45) എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. അബ്ദുല്‍ഖാദര്‍ ഹാജിയുടെ വീട്ടിലേക്കു ദിലീപും കുടുംബവും കാറില്‍ വരുന്നതിനിടെ വഴി മുടക്കി നിര്‍ത്തിയ മറ്റൊരു വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതാണു പ്രകോപനത്തിന് കാരണം. വഴി മുടക്കി നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായിരുന്നയാള്‍ ദിലീപ് വന്ന കാര്‍ റോഡിലേക്കു തള്ളി മാറ്റാന്‍ ശ്രമിച്ചു. ഇതു ചോദ്യം ചെയ്തതോടെ അക്രമാസക്തനായി സമീപത്തെ വര്‍ക്ക് ഷോപ്പില്‍ നിന്ന് ചുറ്റികയെടുത്തു കാറിന്റെ ഗ്ലാസ് അടിച്ച് തകര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ ഫോണ്‍ വിളിച്ചതനുസരിച്ചെത്തിയ പത്തോളം വരുന്ന സംഘം ആക്രമണം തുടരുകയായിരുന്നു. വിവിധ വാഹനങ്ങളില്‍ എത്തിയ സംഘം കാദര്‍ ഹാജിയുടെ വീട്ടിലേക്ക് ഇരച്ചു കയറുകയും കണ്ണില്‍ കണ്ട സാധനങ്ങളെല്ലാം നശിപ്പിക്കുകയുമായിരുന്നു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറും സ്‌കൂട്ടറും ആക്രമണത്തില്‍ തകര്‍ന്നു.ചെടിച്ചട്ടികളും നശിപ്പിച്ചു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണു മൂന്നു പേര്‍ക്കും പരുക്കേറ്റത്. കാദര്‍ഹാജിയുടെ ഭാര്യ ഷറഫുന്നീസയും സംഘത്തിന്റെ ആക്രമത്തിനിരയായി. സംഭവത്തെത്തുടര്‍ന്നു ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."