അപകടം തുടര്‍ക്കഥ; പള്ളിപ്പുറം മംഗലപുരം ദേശീയ പാതയില്‍ രണ്ടു മാസത്തിനിടെ മരിച്ചത് നാലു പേര്‍
കഠിനംകുളം: പള്ളിപ്പുറം സി.ആര്‍.
പി.എഫ് ദേശീയ പാതയില്‍ അപകടം തുടര്‍ക്കഥയാകുന്നു. ഓരോ അപകടം നടന്ന് നാട്ടുകാര്‍ അതിന്റെ ദാരുണ ദൃശ്യം മറന്നു തുടങ്ങുമ്പോഴേക്കും അടുത്ത അപകടം സംഭവിക്കും.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇവിടെ മരിച്ചവരുടെ എണ്ണം നാലായി.പരുക്കേറ്റവരും അംഗവൈകല്യം സംഭവിച്ചവരും നിരവധി. വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടതും അടുത്ത കാലത്ത് മുന്‍ എം.പി പീതാംബരക്കുറുപ്പ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടതും ഇതേ പാതയിലാണ്.
റോഡ് നിര്‍മാണത്തിലെ പാകപ്പിഴകളും വാഹനങ്ങളുടെ അമിതവേഗതയുമാണ് ഇവിടെ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഇന്നലെ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗത്തിലെത്തിയ ടെമ്പോ വാനിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് എം സാന്റ് കയറ്റിവന്ന ലോറി ദേശീയ പാതയിലുള്ള പാലത്തിന്റെ കൈവരി തകര്‍ത്ത് തോട്ടിലേക്ക് മറിഞ്ഞതും ലോറി ഡ്രൈവര്‍ മരിച്ചതും. ഈ പാലത്തിന്റെ കൈവരി ഏറെ കാലപ്പഴക്കമുള്ളതും ഉയരം തീരെ കുറഞ്ഞതുമാണ്. തിരക്കേറിയ പാതിയലെ പാലത്തിന്റെ കൈവരി ബലപ്പെടുത്തണമെന്ന് പലപ്പോഴും യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
പാലത്തിന്റെ കൈവരിക്ക് ആവശ്യത്തിന് ഉയരവും വേണ്ടത്ര ബലവുമുണ്ടായിരുന്നുവെങ്കില്‍ ഇന്നലെ ഒരു ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കാമായിരുന്നു.
കഴക്കൂട്ടം മുതല്‍ ആറ്റിങ്ങല്‍ വരെ ദേശീയ പാതയില്‍ മിക്കയിടങ്ങളിലും കുണ്ടും കഴിയുമാണ്. എന്നാല്‍ ഇവ ഒറ്റനോട്ടത്തില്‍ ശ്രദ്ധയില്‍പെടില്ല. ദേശീയപാതയായതിനാല്‍ മിക്ക വാഹനങ്ങളും സാമാന്യം നല്ല വേഗത്തിലായിരിക്കും ഇതുവഴി സഞ്ചരിക്കുക. വേഗതയില്‍ വരുന്ന വാഹനങ്ങള്‍ അപ്രതീക്ഷിതമായി കുണ്ടിലും കുഴിയിലും വീഴുന്നതിനെ തുടര്‍ന്നുള്ള അപകടങ്ങളും പതിവായിരിക്കുകയാണ്.
ഓരോ അപകടങ്ങള്‍ നടക്കുമ്പോഴും യാത്രക്കാരും നാട്ടുകാരും പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താറുണ്ടെങ്കിലും കൃത്യമായ നടപടികളുണ്ടാകാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."