പയ്യന്നൂരില്‍ റെയില്‍വേ യാത്രക്കാരുടെ വാഹനങ്ങള്‍ റോഡരികില്‍
പയ്യന്നൂര്‍: പുതിയ പാര്‍ക്കിങ് കേന്ദ്രം ആരംഭിച്ചിട്ടും പയ്യന്നൂരില്‍ റെയില്‍വേ യാത്രക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ല. ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ട്രെയിന്‍ യാത്രക്കായി സ്റ്റേഷനിലെത്തുന്നവര്‍ക്ക് തങ്ങളുടെ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം ഇല്ലാത്തതിനാല്‍ കാറുകളും നൂറുകണക്കിന് ബൈക്കുകളും ഇപ്പോഴും റോഡരികില്‍ നിര്‍ത്തിയിട്ടാണ് പോകുന്നത്. ഇത് വാഹനങ്ങളുടെ സുരക്ഷിതത്വത്തിനൊപ്പം റോഡിലൂടെയുള്ള ഗതാഗതത്തെയും ബാധിക്കുന്നു. റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള റെയില്‍വേയുടെ പാര്‍ക്കിങ് കേന്ദ്രത്തില്‍ ചുരുക്കം ബൈക്കുകള്‍ക്ക് മാത്രമാണ് പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്. റെയില്‍വേയുടെ അധീനതയില്‍ ഭൂമി ഉണ്ടായിട്ടും യാത്രക്കാര്‍ അനുഭവിക്കുന്ന പാര്‍ക്കിങ്ങ് പ്രശ്നത്തില്‍ റെയില്‍വെ അധികൃതര്‍ മുഖം തിരിച്ചതോടെയാണ് യാത്രക്കാര്‍ക്ക് ദുരിതം ഇരട്ടിച്ചത്. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പയ്യന്നൂരിലെത്തിയപ്പോഴെല്ലാം ഇക്കാര്യം ജനപ്രതിനിധികളും മറ്റ് സന്നദ്ധ സാമൂഹ്യ സംഘടനകളും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഒടുവില്‍ റെയില്‍വേയുടെ തന്നെ കീഴിലുള്ളതും റോഡിനും സ്റ്റേഷനും ഇടയിലുള്ള വെള്ളം കെട്ടി നില്ക്കുന്നതുമായ പ്രദേശത്ത് മിഡ് ടൗണ്‍ റോട്ടറി ക്ലബ് പ്രവര്‍ത്തകര്‍ പാര്‍ക്കിങ് കേന്ദ്രം നിര്‍മ്മിച്ചു. 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പാര്‍ക്കിങ് കേന്ദ്രത്തില്‍ 70 കാറുകള്‍ക്കും 250ഓളം ബൈക്കുകള്‍ക്കും നിര്‍ത്തിയിടാനുള്ള സൗകര്യമാണുള്ളത്. നിലവില്‍ പുതിയ പാര്‍ക്കിങ്ങ് കേന്ദ്രത്തില്‍ വാഹനങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. റോഡരികിലെ പാര്‍ക്കിങ് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കാല്‍നട യാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. റെയില്‍വേ സ്റ്റേഷന് പരിസരത്തും, പുതിയ പാര്‍ക്കിങ്ങ് കേന്ദ്രത്തിന് തൊട്ടും റെയില്‍വെ ഭൂമി ഒരു ഉപയോഗവുമില്ലാതെ വെറുതെ കിടന്നിട്ടും അധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ല. നിത്യേന ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനില്‍ പാര്‍ക്കിങ്ങ് പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യമുയര്‍ന്നു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."