ബന്ധുനിയമനം: തട്ടകത്തിലെ എതിര്‍പ്പില്‍ തട്ടി ജയരാജന്‍
കണ്ണൂര്‍: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് സ്വന്തം തട്ടകത്തിലെ പാര്‍ട്ടിയില്‍ മന്ത്രി ഇ.പി ജയരാജനെതിരേ എതിര്‍പ്പ് പുകയുന്നു. ഭാര്യാ സഹോദരീപുത്രനും പി.കെ ശ്രീമതി എം.പിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസ് (കെ.എസ്.ഐ.ഇ) എം.ഡിയായും സഹോദരന്റെ മരുമകള്‍ ദീപ്തി നിഷാദിനെ കേരള ക്ലേ ആന്‍ഡ് സിറാമിക്‌സ് ജനറല്‍ മാനേജരായും നിയമിച്ചതു പുറത്തുവന്നതോടെയാണു കണ്ണൂരിലെ പാര്‍ട്ടിയില്‍ ഇ.പിക്കെതിരേ എതിര്‍പ്പ് ശക്തമായത്. ജില്ലയിലെ ഒരുവിഭാഗം നേതാക്കളും മന്ത്രിക്കെതിരായ നിലപാടിലാണ്.
പാര്‍ട്ടി ജില്ലാ നേതൃത്വം നല്‍കിയ പരാതിയെ തുടര്‍ന്ന് ഇ.പി ജയരാജനെയും പി.കെ ശ്രീമതിയെയും മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചിരുന്നു.
ഇതിനുപിന്നാലെ വിവാദമായ നിയമനങ്ങള്‍ പാര്‍ട്ടി പുനഃപരിശോധിക്കുമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ദുബൈയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ചചെയ്ത ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. 14നു ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മൊറാഴ ലോക്കല്‍സെക്രട്ടറി കെ.ഗണേശന്‍ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ പാര്‍ട്ടി ജില്ലാ നേതൃത്വം പരാതി അറിയിച്ചത്. ഇതിനു പിന്നാലെയായിരുന്നു ജയരാജനെയും ശ്രീമതിയെയും മുഖ്യമന്ത്രി പിണറായി പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചത്. ബന്ധുനിയമനം മന്ത്രിസഭയുടെ പ്രതിച്ഛായയ്ക്കു തന്നെ കളങ്കമായെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും ജില്ലാ നേതൃത്വം മുഖ്യമന്ത്രിയോടു വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന മൊറാഴ ലോക്കല്‍കമ്മിറ്റി യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ബന്ധുനിയമനക്കാര്യത്തില്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മേല്‍കമ്മിറ്റിയില്‍ പരാതിപ്പെടാനേ തങ്ങള്‍ക്കാകൂവെന്നു ലോക്കല്‍സെക്രട്ടറി യോഗത്തെ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് ഏരിയാകമ്മിറ്റിയെ വിവരമറിയിക്കുകയും ഏരിയാകമ്മിറ്റി ജില്ലാനേതൃത്വത്തിനു കത്ത് നല്‍കുകയുമായിരുന്നു. വിഷയം പാപ്പിനിശ്ശേരി ഏരിയാകമ്മിറ്റിയിലും ചര്‍ച്ചയായതിനെ തുടര്‍ന്ന് ഏരിയാസെക്രട്ടറി ടി.ചന്ദ്രന്‍ ഇക്കാര്യം മന്ത്രിയോടു സംസാരിച്ചിരുന്നു.
ക്രമവിരുദ്ധമായി ഒന്നും സംഭവിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണു നിയമനമെന്നുമായിരുന്നു മന്ത്രി ജയരാജന്‍ അനൗദ്യോഗികമായി ഏരിയാകമ്മിറ്റിക്കു നല്‍കിയ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."