കുറ്റ്യാടി-നാദാപുരം അപകടരഹിത സംസ്ഥാനപാത പ്രഖ്യാപനത്തിലൊതുങ്ങി
കക്കട്ടില്‍: കുറ്റ്യാടി-നാദാപുരം സംസ്ഥാനപാത അപകടരഹിതമാക്കാന്‍ നടപടി കൈക്കൊള്ളുമെന്ന തഹസില്‍ദാറുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രഖ്യാപനം നടപ്പായില്ല. നിരവധി അപകടങ്ങള്‍ എസ്.എച്ച് 38ല്‍ നടന്നിട്ടും ഇതുവരെ അധികൃതര്‍ സുരക്ഷാനടപടികള്‍ കൈക്കൊണ്ടില്ല.
നേരത്തെ ഇവിടെ വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു കുട്ടികള്‍ അപകടത്തില്‍പെട്ട് മരിച്ചിരുന്നു. തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ റോഡ് വീതീകൂട്ടി കൈവരിയും നടപ്പാതയും നിര്‍മിക്കുമെന്നു അറിയിച്ചിരുന്നുവെങ്കിലും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയായിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് റോഡായി ഉയര്‍ത്തിയ ശേഷം നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. അമ്പലകുളങ്ങര, നരിപ്പറ്റ റോഡ്, ചേലക്കാട്, വട്ടോളി, പയന്തോങ്ങ്, നരിക്കുട്ടുംചാല്‍ എന്നിവിടങ്ങളിലെ വീതികുറഞ്ഞ സ്ഥലങ്ങളില്‍ ഫുട്പാത്ത് നിര്‍മാണം അത്യാവശ്യമാണ്. പാരലല്‍ കോളജ്, ഗവ. കോളജ്, ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥലത്തെ നൂറുകണക്കിനു വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയെങ്കിലും നടപ്പാത ഉടന്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."