ചാലക്കുടി നഗരസഭയില്‍ പദ്ധതി വിഹിതം നഷ്ടപ്പെടുത്തിയതായി കോണ്‍ഗ്രസ്
ചാലക്കുടി: സമയബന്ധിതമായും നിബന്ധനകള്‍ക്കനുസരിച്ചും സര്‍ക്കാര്‍ അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിക്കാഞ്ഞതിനാല്‍ നഗരസഭയുടെ അമ്പത് ലക്ഷം രൂപയിലേറെ പദ്ധതി വിഹിതം നഷ്ടപ്പെട്ടതായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ ഷിബു വാലപ്പന്‍ ആരോപിച്ചു.
കഴിഞ്ഞ മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കേണ്ടതായിരുന്ന പല പദ്ധതികളുടേയും പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ബില്‍ സമര്‍പ്പിക്കാതിരുന്നതാണ് നഗരസഭക്ക് ഭീമമായ തുക നഷ്ടപ്പെടാന്‍ കാരണമായത്. നോര്‍ത്ത് ബസ് സ്റ്റാന്‍ഡ്പൂര്‍ത്തീകരണം, താലൂക്ക് ആശുപത്രി ലേബര്‍ റൂം കെട്ടിട സമുച്ചയം, മുനിസിപ്പല്‍ പാര്‍ക്ക് നിര്‍മാണം, ക്രിമിറ്റോറിയം, ചര്‍ച്ച് ലിങ്ക് റോഡ്, വിവിധ വാര്‍ഡുകളിലെ റോഡ് നവീകരണം തുടങ്ങിയ പല പ്രധാന പദ്ധതികള്‍ക്കും കഴിഞ്ഞ വര്‍ഷം വകയിരുത്തിയിരുന്ന തുകകളാണ് നഷ്ടമായത്.
ഈ പദ്ധതികള്‍ തുടരണമെങ്കില്‍ ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതി വിഹിതം ഉപയോഗിക്കേണ്ടി വരും. സമീപകാല വര്‍ഷങ്ങളിലൊന്നും ഇത്രയും ഭീമമായ തുക ചാലക്കുടി നഗരസഭക്ക് നഷ്ടമായിട്ടില്ല.
സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കാതെ നഗരസഭയുടെ പദ്ധതികള്‍ നഷ്ടപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരുടെ അനാസ്ഥയാണ് ഇതിന് പിന്നിലെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആരോപിച്ചു.
അതേസമയം ഫണ്ട് നഷ്ടമായെന്ന പ്രസ്ഥാവന അടിസ്ഥാനരഹിതമാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. രാഷ്ട്രീയ പ്രേരിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്ഥാവന പ്രസിദ്ധീകരിച്ചതിന് പിന്നില്‍ രാഷ്ട്രീയപാപ്പരത്തമാണെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
നോര്‍ത്ത് ബസ് സ്റ്റാന്റിനായുള്ള ഫണ്ട് നഷ്ടമായിട്ടില്ല. അമ്പത് ലക്ഷം രൂപ ചിലവില്‍ കോണ്‍ക്രീറ്റ് യാര്‍ഡിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. ഇവിടെ തടസ്സമായി നില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളെ മാറ്റി സ്ഥാപിക്കാനുള്ള നടപടികളും പൂര്‍ത്തിയായിരിക്കുകയാണ്.
ക്രിമിറ്റോറിയം-ചര്‍ച്ച് ലിങ്ക് റോഡിന്റെ പത്തു ലക്ഷം നഷ്ടപ്പെട്ടതായുള്ള ആരോപണവും അഠിസ്ഥാനരഹിതമാണ്.
പുതിയ കൗണ്‍സില്‍ ഈ റോഡിന്റെ നിര്‍മാണത്തിന് പത്ത് ലക്ഷം രൂപയില്‍ നിന്നും പതിനെട്ട് ലക്ഷം രൂപയാക്കി റിവയസ് ചെയ്തിരിക്കുകയാണ്. താലൂക്ക് ആശുപത്രിയിലെ ലേബര്‍ റൂം സമുച്ചയത്തിന്റെ ടെണ്ടര്‍ നടപടികള്‍ കഴിഞ്ഞു. ഇതിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."