മംഗളം ടവറിന്റെ ഗെയ്റ്റ് നഗരസഭ പൊളിച്ച സംഭവം: ഗെയ്റ്റ് സ്ഥാപിച്ചത് റോഡിനായി വിട്ടുനല്‍കിയ സ്ഥലത്തെന്ന് നഗരസഭ
പാലക്കാട്: പാലക്കാട് ടൗണ്‍ സ്റ്റാന്‍ഡിന് എതിര്‍വശത്തെ മംഗളം ടവറിനു മുന്നില്‍ നിര്‍മിച്ച ഗെയ്റ്റ് നഗരസഭാധികൃതര്‍ പൊളിച്ചതിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. രണ്ട് തവണ 15 ദിവസം മുന്‍പ് നോട്ടീസ് നല്‍കിയിട്ടും യാതൊരു മറുപടിയും മംഗളം മാനേജ്‌മെന്റ് നല്‍കിയില്ലെന്നും സ്ഥലം തങ്ങളുടേതാണെന്നതിന് ആവശ്യമായ രേഖകള്‍ പക്കലുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശീധരന്‍ പറഞ്ഞു. മേലാമുറി-ടിബി റോഡിനായി നഗരസഭയ്ക്ക് വിട്ടു നല്‍കിയ സ്ഥലത്താണ് മംഗളം മാനേജുമെന്റ് ഗെയ്റ്റ്സ്ഥാപിച്ചതെന്നും നോട്ടീസ് നല്‍കിയിട്ടും യാതൊരു പ്രതികരണവുമില്ലാത്തതിനാലാണ് നടപടിയെന്നും അവര്‍ വ്യക്തമാക്കുന്നു. അതേസമയം യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നഗരസഭാധികൃതര്‍ ഗെയ്റ്റ് പൊളിച്ചതെന്നും പാലക്കാട് 1 വില്ലേജില്‍ നികുതി അടയ്ക്കുന്ന സ്ഥലമാണിതെന്നും നടപടിക്കെതിരെ പാലക്കാട് ടൗണ്‍ സൗത്ത് പൊലിലിസില്‍ പരാതി നല്‍കിയതായും മംഗളം ടവര്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ജോണ്‍സണ്‍ ജോര്‍ജ് പറഞ്ഞു.
നഗരസഭയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്നും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശീധരന്‍ പറഞ്ഞു. വ്യാജ രേഖയുണ്ടാക്കിയാല്‍ ആര്‍ക്കും എവിടേയും നികുതിയടയ്ക്കാമെന്നും മംഗളം സ്ഥലം വിട്ടുനല്‍കിയതിന് തെളിവുകളുണ്ടെന്നും അവര്‍ പറഞ്ഞു.
മംഗളം ടവറിന് സമീപം ജോയ് ആലുക്കാസ് ജ്വല്ലറിയും സമാനമായ രീതിയില്‍ സ്ഥലം വിട്ടുനല്‍കിയിട്ടുണ്ടെന്നും അത് വീണ്ടെടുക്കുന്നതിന് 20 ന് ഹിയറിംഗ് നടക്കുമെന്നും അതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കോടതി നഗരസഭയ്ക്ക് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ടെന്നും നടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടാണ് ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശീധരന്‍, വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ മോഹന്‍ബാബു, സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സഹായത്തോടെ എക്‌സവേറ്റര്‍ ഉപയോഗിച്ച് മംഗളം ടവറിനുമുന്നില്‍ സ്ഥാപിച്ച ഗെയ്റ്റ് പൊളിച്ചുനീക്കിയത്. ഗെയ്റ്റിന് സമീപം സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകളും എടുത്തുമാറ്റി. സ്വകാര്യ ബാങ്കുകളും എടിഎമ്മും സ്ഥിതി ചെയ്യുന്ന കോപൗണ്ടില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഗെയ്റ്റ് സ്ഥാപിച്ചതെന്നാണ് മംഗളം മാനേജ്‌മെന്റിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."