മരുന്നില്ല; പേപ്പട്ടിയുടെ കടിയേറ്റ വീട്ടമ്മയെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു തിരിച്ചയച്ചു
മഞ്ചേശ്വരം: പേപ്പട്ടിയുടെ കടിയേറ്റു ചികിത്സക്കെത്തിയ വീട്ടമ്മയെ മരുന്നില്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ തിരിച്ചയച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നാണു പേപ്പട്ടിയുടെ കടിയേറ്റ വീട്ടമ്മയെ ചികിത്സ നല്‍കാതെ തിരിച്ചയച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. സീതാംഗോളി മുഗു റോഡിലെ ധര്‍മ്മപാല ഷെട്ടിയുടെ ഭാര്യ ശങ്കരി (40)ക്കാണു വ്യാഴാഴ്ച വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ വഴിയോരത്തു വച്ചു കടിയേറ്റത്.
കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചെന്നുവെങ്കിലും അവിടെ നടത്തിയ അലര്‍ജി ടെസ്റ്റില്‍ പരാജയപ്പെട്ടു. വിദഗ്ദ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചികിത്സ വേണമെന്ന് നിര്‍ദേശിച്ചതിനാലാണു കഴിഞ്ഞ ദിവസം വൈകുന്നേരം ജനറല്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍, ജനറലാശുപത്രിയില്‍ ചികിത്സക്കുള്ള മരുന്നില്ലെന്നു പറഞ്ഞു ശങ്കരിയെ അന്നു വൈകുന്നേരം തിരിച്ചയക്കുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി മുഹമ്മദുമായി ബന്ധപ്പെട്ട് തങ്ങളുടെ നിസ്സഹായത അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമായത്. അതിനിടെ ഇന്നലെ പേപ്പട്ടിയുടെ കടിയേറ്റ ശങ്കരി മംഗളൂരുവിലെ ആശുപത്രിയിലെത്തി ചികിത്സ തേടുകയും ചെയ്തു.
പുത്തിഗൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി മുഹമ്മദ് സംഭവം ജില്ലാ കലക്ടര്‍ ജീവന്‍ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ജനറല്‍ ആശുപത്രിയില്‍ മരുന്നില്ലാത്ത സാഹചര്യത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലോ പരിയാരം മെഡിക്കല്‍ കോളജിലോ പ്രവേശിപ്പിക്കാനായിരുന്നു കലക്ടര്‍ നല്കിയ നിര്‍ദേശം. പതിനയ്യായിരം രൂപ ചികിത്സയ്ക്കു ചെലവായതായി വീട്ടുകാര്‍ പറയുന്നു. തെരുവുനായയുടെ കടിയേറ്റാല്‍ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രിയിലും മരുന്നു ലഭ്യമാണെന്ന സര്‍ക്കാരിന്റെ വാദമാണ് ഇതോടെ ഇല്ലാതാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."