കാസര്‍കോട് കളനാട് റെയില്‍പ്പാളം മുറിച്ചു മാറ്റിയ നിലയില്‍; അട്ടിമറി ശ്രമമെന്ന് സംശയം
കാസര്‍കോട്: കാസര്‍കോട് കളനാടില്‍ റെയില്‍ പാളം മുറിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ ഏഴരയോടെയാണ് പാളം മുറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പാളം മുറിച്ചു മാറ്റി ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമമാണോ നടന്നതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പാളത്തില്‍ സാധാരണ ഉണ്ടാവുന്ന വിള്ളല്‍ മാത്രമാണിതെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്.
എന്നാല്‍ റെയില്‍വെ പൊലിസ് അട്ടിമറി സാധ്യത തള്ളികളയുന്നില്ല. തിരുവനന്തപുരത്തു നിന്നും മംഗളൂരുവിലേക്ക് പോകുന്ന മാവേലി എക്‌സ്പ്രസ് എത്തുന്നതിനു തൊട്ടുമുമ്പാണ് പാളം മുറിഞ്ഞ നിലയില്‍ കണ്ടത്. റെയില്‍വെ അധികൃതര്‍ എത്തി പാളം ശരിയാക്കിയ ശേഷം ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. എല്ലാ ട്രെയിനുകളും അരമണിക്കൂറോളം വൈകിയാണ് ഓടുന്നത്.
ഇന്നു രാവിലെ നടക്കാനിറങ്ങിയവരാണ് കളനാട് റെയില്‍വെ സ്‌റ്റേഷനു ഒന്നര കിലോമീറ്റര്‍ അകലെ പാളം മുറിഞ്ഞ നിലയില്‍ കണ്ടത്. ഉടനെ ഇവര്‍ കാസര്‍കോട് റെയില്‍വെ പൊലിസിനെ വിവരമറിയിക്കുകയും പാളത്തില്‍ ചുവപ്പ് തുണി കെട്ടിവെക്കുകയും ചെയ്തു. വിവറമറിഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട് റെയില്‍വെ പൊലിസും റെയില്‍വെ അധികൃതരും സ്ഥലത്തെത്തി.
വിള്ളലുണ്ടായ ഭാഗം അരമണിക്കൂര്‍ കൊണ്ട് അറ്റകുറ്റപണി നടത്തി നേരെയാക്കി. അതുവരെയും വിവിധ സ്‌റ്റേഷനുകളില്‍ ട്രെയിനുകള്‍ പിടിച്ചിച്ചു. കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ പാളങ്ങളില്‍ കൂടി 130 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ ഓടിക്കൊണ്ടിരുന്നത്. പാളം മുറിഞ്ഞതിനെ തുടര്‍ന്ന് അറ്റകുറ്റപണി നടത്തിയതിനെ തുടര്‍ന്ന് 20 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ കടത്തി വിടുന്നത്. അട്ടിമറി ശ്രമം തള്ളികളായാനാവില്ലെന്നാണ് റെയില്‍വെ പൊലിസ് പറയുന്നത്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ നിരവധി ട്രെയിന്‍ അട്ടിമറി ശ്രമങ്ങള്‍ കാസര്‍കോട് മേഖലയില്‍ നടന്നിരുന്നു. മഞ്ചേശ്വരത്ത് റെയില്‍ കല്‍പ്പുകള്‍ ഊരിമാറ്റിയും മൊഗ്രാല്‍പുത്തൂരില്‍ റെയില്‍ പാളത്തിനുമേല്‍ കല്ലെടുത്തു വെച്ചും ട്രെയിന്‍ അട്ടിമറി ശ്രമങ്ങള്‍ നടന്നിരുന്നു. ബേക്കലില്‍ രണ്ടാഴ്ച്ച മുമ്പ് ട്രെയിനിനു നേരെ കല്ലേറുണ്ടാവുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കളനാട് പാളം മുറിച്ചുമാറ്റിയ സംഭവം ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."