പൂച്ചമ്മയുടെ പൂച്ചക്കുഞ്ഞുങ്ങള്‍
പൂച്ചമ്മേന്ന് അയല്‍ക്കാര്‍ നീട്ടിവിളിച്ചാല്‍ കല്ലായി കീഴാര്‍മഠം പറമ്പിലെ പ്ലാസ്റ്റിക് ഷീറ്റിട്ട കൂരയില്‍നിന്ന് ഒരു തല പുറത്തുവരും. വിളിച്ചവരെ നോക്കി പുഞ്ചിരിച്ചു കാര്യം തിരക്കി അവര്‍ വീണ്ടും തന്റെ തിരക്കില്‍ മുഴുകും.
അതിരാവിലെ തുടങ്ങുന്നതാണ് കാര്‍ത്ത്യായനി അമ്മയുടെ തിരക്കുകള്‍. പാലു വാങ്ങി കാച്ചി മക്കള്‍ക്കു കൊടുക്കണം. ചന്തയില്‍ പോയി മീന്‍ വാങ്ങി വരണം. മീന്‍വച്ച് ചോറു കൂട്ടി കുട്ടികളെ ഊട്ടണം. മക്കളെ കുളിപ്പിക്കണം. വീടു വൃത്തിയാക്കണം. ജോലിക്ക് പോകണം. എല്ലാം ചെയ്യുന്നത് കാര്‍ത്ത്യായനി അമ്മ ഒറ്റയ്ക്കാണ്. കൂട്ടിനുള്ളത് മക്കളെപ്പോലെ കാര്‍ത്ത്യായനി അമ്മ സ്‌നേഹിക്കുന്ന കുറച്ചുപൂച്ചകളും.
[caption id="attachment_131952" align="aligncenter" width="600"] പൂച്ചമ്മയുടെ വീട്[/caption]അവര്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ കാര്‍ത്ത്യായനി അമ്മയുടെജീവിതം. പാലും മീനും വാങ്ങുന്നതും സ്വാദോടെ പാകം ചെയ്യുന്നതുമെല്ലാം അവര്‍ക്കു കൊടുക്കാനാണ്. ബന്ധുക്കളുണ്ടെങ്കിലും ആരോടും പരിഭവങ്ങളും പരാതികളും ഒന്നും പറയാതെ ഈ കൊച്ച് നാലു ചുവരുകള്‍ക്കുള്ളില്‍ തന്റെ പ്രിയപ്പെട്ട പൂച്ചകളോടൊപ്പം കഴിയുകയാണിവര്‍. പൂച്ചക്കുട്ടികളുടെ സ്വന്തം അമ്മയെ പൂച്ചമ്മേന്നു വിളിക്കുന്നതാണ് അവര്‍ക്കിഷ്ടം.
വര്‍ഷങ്ങളായി ഈ പൂച്ചകള്‍ക്കൊപ്പമാണ് കാര്‍ത്ത്യായനി അമ്മയുടെ ജീവിതം. ഇവരുടെ സന്തോഷവും സങ്കടവും ദേഷ്യവും കഷ്ടപ്പാടുകളുമെല്ലാം പങ്കുവയ്ക്കുന്നതും ഈ പൂച്ചകളോടാണ്. അവയ്‌ക്കെല്ലാം തൊട്ടുരുമ്മിയും കാലില്‍ തലോടിയും പൂച്ചകള്‍ മറുപടി നല്‍കും.
കാര്‍ത്ത്യായനി അമ്മ എഴുന്നേല്‍ക്കാന്‍ അല്‍പ്പം വൈകിയാല്‍ ശബ്ദം അല്‍പ്പം ഇടറിയാല്‍ പൂച്ചകള്‍ ഓടി അടുത്തെത്തും. തൊട്ടുരുമ്മി ആശ്വാസം പകരും. ഈ സ്‌നേഹത്തിന് ഇരുപത് വര്‍ഷങ്ങളുടെ ആയുസ്സുണ്ട്. സ്‌നേഹതണലായിരുന്ന അമ്മ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ട കാര്‍ത്ത്യായനി അമ്മയോടൊപ്പം അന്നു കൂടിയതാണ് പൂച്ചക്കൂട്ടവും.
അവരില്‍ ചിലര്‍ പൂച്ചമ്മയെ വിട്ട് പരലോകം പൂകി. ബാക്കിയുള്ളവര്‍ പൂച്ചമ്മയുടെ സ്‌നേഹം നുകര്‍ന്ന് ഇപ്പോഴും ഒപ്പം കഴിയുന്നു. ഒരു കുടുംബമൊക്കെ വേണ്ടേ എന്നു ചോദിക്കുന്നവരോടെല്ലാം തന്റെ പൂച്ചകളെ മാറോടണച്ച്് കാര്‍ത്ത്യായനി അമ്മ ചെറുപുഞ്ചിരിയോടെ പറയും. 'കുടുംബമുണ്ടല്ലോ എനിക്ക് ..നിങ്ങള്‍ കണ്ടില്ലേ..ഇതാ ഇവരാ എന്റെ മക്കള്‍. ഇവരാ എന്റെ എല്ലാം.. അതു കേള്‍ക്കേണ്ട താമസം പൂച്ചമ്മയുടെ പൂച്ചക്കുട്ടികള്‍ അമ്മയുടെ തോളിലേക്ക് ചായും.
വീട്ടു ജോലിക്ക് പോയാണ് കാര്‍ത്ത്യായനി അമ്മ അന്നന്നേക്കുള്ള വക കണ്ടെത്തുന്നത്. കാര്‍ത്ത്യായനി അമ്മ ജോലിക്ക്് പോയി മടങ്ങി വരുന്നതും കാത്ത്് പൂച്ചക്കുട്ടികള്‍ ഈ അമ്മയുടെ കൂരയ്ക്ക്് കാവലിരിക്കും. ഈ കൂര തന്നെ നാട്ടുകാരുടെ സഹായം കൊണ്ട് കെട്ടിപ്പൊക്കിയതാണ്. എങ്കിലും ശക്തമായ ഒരു മഴ പെയ്താല്‍ കൂര ഉലയും. വീടു വീണാലും തന്റെ പൂച്ചകള്‍ക്ക് ആപത്തൊന്നും വരുത്തല്ലേന്നാണ് ഈ വൃദ്ധയുടെ പ്രാര്‍ഥന. നഷ്ടപ്പെടലുകള്‍ മാത്രമാണ് ഇപ്പോള്‍ വാര്‍ധക്യത്തിലേക്കു കടക്കുന്ന ഈ സ്ത്രീയുടെ സമ്പാദ്യം.
നാലു സഹോദരങ്ങളായിരുന്നു കാര്‍ത്ത്യായനി അമ്മയ്ക്ക്. നാലു പേരും ചെറുപ്രായത്തില്‍ തന്നെ ഓരോ അസുഖം ബാധിച്ച് മരണമടഞ്ഞു. പിന്നെ അമ്മ കുഞ്ഞമ്മയും കാര്‍ത്ത്യായനി അമ്മയും മാത്രമായി വീട്ടില്‍.
അതിനിടെ ഒരു പ്രഭാതത്തില്‍ അമ്മ കുഞ്ഞമ്മ കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം കുഴഞ്ഞു കിടപ്പായി. രാവും പകലും അമ്മയെ പരിചരിച്ച്് കാര്‍ത്ത്യായനി കൂടെ നിന്നു. വിവാഹം കഴിക്കാന്‍ പലരും അന്ന് കാര്‍ത്ത്യായനി അമ്മയെ നിര്‍ബന്ധിച്ചെങ്കിലും കുഴഞ്ഞു കിടക്കുന്ന അമ്മയുടെ മുഖം അവരെ അന്ന് അതിനനുവദിച്ചില്ല.
അന്നും കുറച്ചു പൂച്ചകള്‍ കാര്‍ത്ത്യായനിയ്‌ക്കൊപ്പമുണ്ടായിരുന്നു. തന്റെ സ്വപ്നങ്ങളും ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം പെറ്റമ്മക്കായ് സന്തോഷത്തോടെ ഉപേക്ഷിച്ച കാര്‍ത്ത്യായനി അമ്മ അമ്മയുടെ മരണത്തോടെ തനിച്ചായി. ഇനിയെന്ത് എന്നറിയാതെ പകച്ചു നിന്നപ്പോഴും കാലില്‍ മുഖമുരുമ്മി പൂച്ചകള്‍ കാര്‍ത്ത്യായനി അമ്മയ്ക്ക് താങ്ങായി. അന്നു മുതല്‍ കാര്‍ത്ത്യായനി അമ്മ തന്റെ ജീവിതം പൂച്ചകള്‍ക്കായി മാറ്റിവച്ചു. പിന്നീട് വിവാഹാലോചനകള്‍ വന്നപ്പോഴും കാര്‍ത്ത്യായനി അതെല്ലാം സന്തോഷത്തോടെ നിരസിച്ചു. 'ഞാന്‍ പോയാല്‍ പിന്നെ ഇവര്‍ക്കാരാ മോനെ ഉണ്ടാവുക'എന്നിവര്‍ പറയുമ്പോള്‍ അതില്‍ നിറഞ്ഞു നില്‍ക്കുന്നത് തീര്‍ത്തും കളങ്കമില്ലാത്ത, മിണ്ടാപ്രാണികളോടുള്ള ഇവരുടെ സ്‌നേഹമാണ്.
പ്രായാധിക്യം കാര്‍ത്ത്യായനി അമ്മയെ വല്ലാതെ തളര്‍ത്തുന്നുണ്ടെങ്കിലും പൂച്ച സ്‌നേഹത്തിന് തെല്ലും കുറവില്ല. മെഡിക്കല്‍ കോളജിലെ ജയന്‍ ഡോക്ടറെയാണ് അസുഖം വന്നാല്‍ ഇവര്‍ കാണിക്കാറുള്ളത്. ഡോക്ടര്‍ മരുന്നെല്ലാം സൗജന്യമായാണ് നല്‍കാറുള്ളതെന്ന് സ്‌നേഹത്തൊടെ ഇവര്‍ ഓര്‍ക്കുന്നു.
എന്തിന്റെ തന്നെ പേരിലായാലും സ്വാര്‍ഥമായ ലാഭത്തിനു വേണ്ടി മനുഷ്യര്‍ തന്നെ പരസ്പരം കൊന്നും കൊലവിളിച്ചും നടക്കുന്ന ഈ വര്‍ത്തമാന കാലത്ത് ഈ മൃഗങ്ങളില്‍ നിന്നും തനിക്കെന്തു ലഭിക്കാന്‍ എന്നുചിന്തിക്കാതെ തന്റെ സുഖ സന്തോഷങ്ങളെല്ലാം വെടിഞ്ഞ് ഒരു കൂട്ടം പൂച്ചകള്‍ക്ക് അമ്മയായ് ജീവിക്കുകയാണ് സാധുവായ ഈ സ്ത്രീ. പൂച്ചക്കാര് മണി കെട്ടും എന്നു ചോദിച്ച്, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു പിന്നാലെ പായുന്ന പുത്തന്‍ തലമുറയ്ക്ക് കാര്‍ത്യായനി അമ്മ മാതൃകയാവുകയാണ്. ചില ചെറിയ ഓര്‍മപ്പെടുത്തലുകള്‍ നമുക്ക് സമ്മാനിച്ച്... ഇവര്‍ നമ്മോടൊപ്പം ജീവിക്കുന്നു, ഈ കൊച്ചു വലിയ ലോകത്ത്. മിണ്ടാപ്രാണിള്‍ക്ക് സ്‌നേഹത്തിന്റെ തണല്‍ വിരിച്ചു കൊണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."