ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ പാക് സൈന്യത്തിന് നിര്‍ണായക സ്വാധീനമെന്ന് അബ്ദുല്‍ ബാസിത്
ന്യൂഡല്‍ഹി: ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ പാകിസ്താന് സൈന്യത്തിന് നിര്‍ണായക സ്വാധീനമെന്ന് ഇന്ത്യയിലെ പാക് സ്ഥാനപതി അബ്ദുല്‍ ബാസിത്. ഇന്ത്യ, അഫ്ഗാനിസ്താന് തുടങ്ങി അതിര്‍ത്തി രാജ്യങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ പാകിസ്താന് സൈന്യത്തിന് നിര്‍ണായക സ്വാധീനമുണ്ടെന്നാണ് അബ്ദുള്‍ ബാസിത്തിന്റെ വെളിപ്പെടുത്തല്‍.
സൈന്യവുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും പാകിസ്താന് ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയാകണമെന്ന് നിശ്ചയിക്കുന്നതെന്നും അബ്ദുള്‍ ബാസിത് കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണം നടന്നെന്ന വാദഗതി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ 29 ന് സാധാരണ നടക്കാറുള്ള വെടിവെപ്പാണ് ഉണ്ടായതെന്നും ഇതില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കെതിരെ ആണവാക്രമണം നടത്താനുള്ള ചിന്ത തന്നെ ആത്മഹത്യാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാക് സൈന്യത്തിന്റെ പിന്തുണയോടെയാണ് ഭീകരാക്രമണം നടക്കുന്നതെന്ന ഇന്ത്യയുടെ ആരോപണം നിലനില്‍ക്കെയാണ് ബാസിതിന്റെ വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."