കാഞ്ഞങ്ങാട്ട് സി.പി.എം- കോണ്‍ഗ്രസ് സംഘര്‍ഷം; സ്ത്രീകളുള്‍പ്പെടെ ഏഴു പേര്‍ക്ക് പരുക്ക്
മാവുങ്കാല്‍: സി.പി.എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ ഏഴു പേര്‍ക്ക് പരുക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മൂലക്കണ്ടം കോളനിയിലെ ഉഷ, രമണി, മിനി, ജയ, ബിന്ദു, വിനു, വിനോദ് എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ മാവുങ്കാലിനടുത്ത മൂലക്കണ്ടം പ്രദേശത്താണ് സംഭവം. സംഘര്‍ഷത്തിനിടയില്‍ പ്രദേശത്തെ കോണ്‍ഗ്രസ് ഓഫിസിന്റെ ജനലുകളും,ഫര്‍ണ്ണിച്ചറുകളും അക്രമികള്‍ തകര്‍ത്തു. യാതൊരു പ്രകോപനങ്ങളുമില്ലാതെ സി.പി.എം പ്രവര്‍ത്തകര്‍ പ്രദേശത്തെ കോളനിയിലെ വീടുകളില്‍ കയറി അക്രമം അഴിച്ചുവിടുകയും കോണ്‍ഗ്രസ് ഓഫിസ് തകര്‍ക്കുകയുമായിരുന്നുവെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
കൊടിമരങ്ങളും, കൊടികളും നശിപ്പിക്കുന്നത് സംബന്ധിച്ച് പ്രദേശത്ത് സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഇടയ്ക്കിടെ പ്രശ്നങ്ങളുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയും ഈ പ്രശ്നത്തിന്റെ പേരില്‍ സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ്.ഐ ബിജുപ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി സംഘര്‍ഷം നിയന്ത്രിക്കുകയായിരുന്നു. ഇതിനുമുമ്പും പ്രദേശത്തുണ്ടായ സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷങ്ങളില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."