പൈനാപ്പിളിന് പ്രിയം കൂട്ടാന്‍ കൂറ്റന്‍ പൈനാപ്പിള്‍ ഗോപുരം
കൊച്ചി: പതിനഞ്ചടി പൊക്കത്തില്‍ ഒരു വമ്പന്‍ 'പൈനാപ്പിള്‍'. പഴുത്ത് പാകമായ ആയിരത്തോളം പൈനാപ്പിള്‍ ഉപയോഗിച്ച് 15 അടിപൊക്കത്തില്‍ ഈ പൈനാപ്പിള്‍ വിസ്മയം തീര്‍ത്തിരിക്കുന്നത് വാഴക്കുളം പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷനാണ്. മറൈന്‍ഡ്രൈവില്‍ നടന്നുവരുന്ന ഹരിതോത്സവം-2016 ന്റെ ഭാഗമായാണ് പൈനാപ്പിള്‍ കര്‍ഷകര്‍ പൈനാപ്പിളിനെപ്പറ്റി ഉപഭോക്താക്കളെ ബോധവാന്മാരാക്കാന് ഈ വേറിട്ട കൗതുക കാഴ്ച സമ്മാനിച്ചത്.
മൂന്ന് പേര് രണ്ട് മണിക്കൂറെടുത്താണ് ഈ പൈനാപ്പിള്‍ ഗോപുരം തീര്‍ത്തിരിക്കുന്നത്. ഇരുമ്പ് കൊണ്ട് പൈനാപ്പിള്‍ രൂപത്തില്‍ പ്രത്യേകം രൂപപ്പെടുത്തിയ ഫ്രെയിം പ്രദര്ശനനഗരിയിലെത്തിച്ച് വരിവരിയായി പൈനാപ്പിള്‍ നിരത്തിയാണ് ഗോപുരം തീര്‍ത്തത്. പൈനാപ്പിള്‍ കൃഷിക്ക് അനുകൂലമായ കാലാവസ്ഥ കേരളത്തിലുണ്ടെങ്കിലും പൈനാപ്പിളിന് ഡിമാന്‍ഡ് കുറഞ്ഞസാഹചര്യത്തിലാണ് ഇത്തരമൊരു പ്രചാരണത്തിന് തയ്യാറായതെന്ന് പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജോസ് കളപ്പുര പറഞ്ഞു.
കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന 80 ശതമാനം പൈനാപ്പിളും മറ്റ് സംസ്ഥാനങ്ങളിലേക്കാണ് അയക്കുന്നത്. കേരളത്തില്‍ പൈനാപ്പിളിന് ആവശ്യക്കാര്‍ കുറഞ്ഞതാണ് ഇതിനുകാരണം. ഇടക്ക് പൈനാപ്പിള്‍ കൃഷിക്ക് രാസവളങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന പ്രചാരണവും ഡിമാന്‍ഡ് കുറയാന്‍ കാരണമായി. ഇതില്‍ നിന്നൊക്കെ പൈനാപ്പിള്‍ കര്‍ഷകരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു പ്രചാരണം സംഘടിപ്പിച്ചതെന്നും ജോസ് കളപ്പുര പറഞ്ഞു.
35 രൂപയ്ക്കാണ് ഹരിതോത്സവം സ്റ്റാളില്‍ പൈനാപ്പിള്‍ വില്‍ക്കുന്നത്. ജാം,ജൂസ് തുടങ്ങിയ പൈനാപ്പിള്‍ ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. എഴ് മുതല്‍ 16വരെ നീണ്ടുനില്‍ക്കുന്ന ഹരിതോത്സവം പ്രദര്‍ശനത്തില്‍ അടുത്ത മൂന്ന് ദിവസം കൂടിയെ ഈ പൈനാപ്പിള്‍ ഗോപുരം ഉണ്ടാകൂ. ശേഷം ഗോപുരത്തില്‍ നിന്ന് പൈനാപ്പിള്‍ അടര്‍ത്തിയെടുത്ത് സ്റ്റാളില്തന്നെ വില്‍പ്പനയ്ക്ക് വെയ്ക്കും. ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കെ.പി.എഫ്.എ,കേരള വികാസ് കേന്ദ്ര,നിസര്‍ഗ്ഗ ആയൂര്‍ അഗ്രോ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കേന്ദ്ര,വിവിധ സന്നദ്ധസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഹരിതോത്സവം 2016 നടന്നുവരുന്നത്.
ജൈവപച്ചക്കറി കൃഷിയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി കൃഷിയുടെ വളര്‍ച്ചയും പ്രതിരോധശേഷിയും ഉറപ്പാക്കി മികച്ച വിളവെടുപ്പ് ഉറപ്പാക്കുന്ന ജീവാടോണ് സ്പ്രേയ്ക്ക് ആവശ്യക്കാരേറെയാണ്.
ചെടികള്‍,പച്ചക്കറി എന്നിവയുടെ നാശത്തിന് കാരണമാകുന്ന ഫംഗസ്, ബാക്ടീരിയ, വെള്ളീച്ച, പ്രാണികള്‍ എന്നിവയെ സസ്യത്തില്‍ നിന്ന് അകറ്റി പൂര്‍ണ വളര്‍ച്ച പ്രാപിക്കാന്‍ സഹായിക്കുന്നതാണ് ഈ സ്പ്രേ. നാടന്‍ ഉല്പന്നങ്ങളുടെ വിവിധ സ്റ്റാളുകളും ഹരിതോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."