വിദ്യാരംഭത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ക്ഷേത്രങ്ങള്‍
വൈക്കം: വിദ്യാരംഭത്തെ വരവേല്‍ക്കാന്‍ ക്ഷേത്രങ്ങളില്‍ ഒരുക്കം തുടങ്ങി. അറിവിന്റെ ലോകത്തേക്ക് ചുവടുവെച്ചുകൊണ്ട് ആയിരക്കണക്കിന് കുരുന്നുകള്‍ വിവിധ ക്ഷേത്രങ്ങളില്‍ നാളെ ആദ്യാക്ഷരം കുറിക്കും. കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖരെല്ലാം എത്തുന്നുണ്ട്.
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 7.30ന് വിദ്യാരംഭചടങ്ങുകള്‍ ആരംഭിക്കും. കേരള ഹൈക്കോടതി ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍, ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ രാമരാജപ്രേമപ്രസാദ്, വൈക്കം ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി, വൈക്കം രാമചന്ദ്രന്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കും. വടയാര്‍ സമൂഹത്തില്‍ രാവിലെ ഒന്‍പതിനും പത്തിനും മധ്യേ പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും.
വൈക്കം തെക്കേനട ശ്രീ കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ രാവിലെ എട്ടിന് പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും. അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ രാവിലെ 7.30ന് വിദ്യാരംഭം, പൂജയെടുപ്പ്, ഉച്ചക്ക് 12ന് അവഭൃഥസ്‌നാനം, യജ്ഞസമര്‍പ്പണം, മംഗളാരതി, ആചാര്യദക്ഷിണ, തുടര്‍ന്ന് മഹാപ്രസാദഊട്ട് എന്നിവ നടക്കും.
ടി.വി പുരം സ്വയംഭൂ സരസ്വതി ദേവീക്ഷേത്രത്തില്‍ രാവിലെ 5.30ന് നിര്‍മാല്യദര്‍ശനം, അഷ്ടദ്രവ്യമഹാഗണപതിഹോമം, അഷ്ടാഭിഷേകം, വിദ്യാരംഭപൂജ, തുടര്‍ന്ന് വിദ്യാരംഭം, 11ന് ഉച്ചപൂജ, രാത്രി എട്ടിന് കീര്‍ത്തനാലാപനം, നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും.
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ രാവിലെ ആറിന് സരസ്വതിപൂജ, ഏഴിന് പൂജയെടുപ്പ്, തുടര്‍ന്ന് എഴുത്തിനിരുത്ത് എന്നിവ നടക്കും. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍, ഡോ. ലിപി മധുസൂധനന്‍, ഡോ. ലാലി പ്രതാപ് എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കും. 8.15ന് സംഗീതസദസ്സ്, 10ന് പ്രാതല്‍ വഴിപാട്, 11ന് ചെണ്ടമേളം എന്നിവയാണ് മറ്റ് പരിപാടികള്‍. ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തില്‍ രാവിലെ 7.30ന് പൂജയെടുപ്പ്, വിദ്യാരംഭം, എഴുത്തിനിരുത്ത്, തുടര്‍ന്ന് പ്രഭാഷണം എന്നിവ നടക്കും.
പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ രാവിലെ അഞ്ചിന് നിര്‍മാല്യദര്‍ശനം, 5.30ന് ഗണപതിഹവനം, 7.30ന് പൂജയെടുപ്പ് വിദ്യാരംഭം, ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദഊട്ട് എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."