ഭരണത്തിന്റെ മറവില്‍ കല്ലടയാറ്റില്‍ അനധികൃത മണലൂറ്റ്
ശാസ്താംകോട്ട: ഇടതുപക്ഷ തൊഴിലാളി യൂനിയന്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കല്ലടയാറ്റില്‍ അനധികൃത മണല്‍വാരലും മണല്‍കടത്തും തകൃതി. പരാതികളുയര്‍ന്നിട്ടും പൊലിസ് നടപടിയെടുത്തിട്ടില്ല.
കുന്നത്തൂര്‍ പഞ്ചായത്തിലെ ഐവര്‍കാല പല്ലേക്കാട്ട് കടവിന് സമീപത്തു നിന്നാണ് മണല്‍ വാരുന്നത്. ഇവിടെ നിന്നുമെടുക്കുന്ന മണല്‍ ആറ്റിനക്കര പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ആറ്റുവാശ്ശേരി കടവില്‍ എത്തിച്ചശേഷം ലോറിയില്‍ കയറ്റി ഞാങ്കടവ് പാലം വഴി ഐവര്‍കാല കളീക്കലഴികത്ത് മുക്കിന് സമീപത്തെ ഇടതു തൊഴിലാളി യൂനിയന്‍ നേതാവിന്റെ വീടിനോട് ചേര്‍ന്നുള്ള കേന്ദ്രത്തിലെത്തിക്കുകയാണ് പതിവ്. രാത്രി 12ന് ശേഷം വാരുന്ന മണല്‍ പുലര്‍ച്ചെ മൂന്നോടെയാണ് ഇവിടെയെത്തിക്കുന്നത്. പിന്നീട് 30000 മുതല്‍ മുകളിലോട്ടുള്ള വിലയ്ക്ക് വിറ്റഴിക്കും. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഖനനം നടക്കുന്നത്. ഒരു ദിവസം ഒന്നരലക്ഷത്തിലധികം രൂപയുടെ മണല്‍ശേഖരിക്കാറുണ്ടെന്നാണ് വിവരം. ഓരോമാസവും 20മുതല്‍ 25 ലക്ഷം രൂപവരെയാണ് നേതാക്കളും തൊഴിലാളികളും കൊയ്യുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഹരിത ട്രൈബ്യൂണല്‍ കല്ലടയാറ്റില്‍ മണല്‍വാരല്‍ നിരോധിച്ചിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ , ഭരണത്തിന്റെ മറവില്‍ ഇടതു തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ നിയമം ലംഘിക്കുകയാണ്.സി.പി.എം പ്രാദേശിക നേതൃത്വവും ഇതിനോട് മൗനം പാലിക്കുകയാണ്. ഇത് മണല്‍ വിറ്റുകിട്ടുന്നതിന്റെ ഒരു വിഹിതം ലഭിക്കുന്നതിനാലാണെന്നു ആരോപണമുണ്ട്. അതിനിടെ മണല്‍കടത്തുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ നല്‍കിയാലും ശാസ്താംകോട്ട പൊലിസ് തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മണ്ണ് , ലഹരി മാഫിയകള്‍ക്കെതിരെ കൊല്ലം റൂറല്‍ ജില്ലയില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന റൂറല്‍ എസ്.പി അജിതാബീഗത്തിന്റെ നിര്‍ദേശം കാറ്റില്‍പറത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശം നടപ്പാക്കുന്നതിന് വേണ്ടി ഡി.വൈ.എസ്.പി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടവരാണ് ശാസ്താംകോട്ട സി.ഐ എ പ്രസാദും, എസ്.ഐ എം.ജി വിനോദും. എന്നാല്‍ ഭരണകക്ഷിക്കാരുടെ വിരട്ടലും, ലഭിക്കുന്ന മാസപ്പടിയും, ദിവസപ്പടിയും മൂലമാണ് ഇവര്‍ നടപടിയെടുക്കാന്‍ മടിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."