അവഗണിക്കരുത്, മനസിന്റെ ആരോഗ്യത്തെ
ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഒക്‌ടോബര്‍ 10 ലോകമാനസികാരോഗ്യദിനമായി ആചരിക്കുകയാണ്. മാനസികാരോഗ്യത്തെക്കുറിച്ച് ആഗോളതലത്തില്‍ ബോധവല്‍കരണം, മാനസികാരോഗ്യം നിലനിര്‍ത്താനാവശ്യമായ ശ്രമങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പങ്കുവയ്ക്കല്‍, ഇവയുടെ ഏകോപനം എന്നിവയാണ് ഈ ദിനാചരണത്തിലൂടെ ഡബ്ല്യു.എച്ച്.ഒ പ്രധാനമായി ലക്ഷ്യമിടുന്നത്.
'മാനസികാരോഗ്യപരമായ പ്രഥമശുശ്രൂഷ' എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യദിനത്തിന്റെ സന്ദേശവും മുദ്രാവാക്യവും. ശരീരത്തിന് ആരോഗ്യക്കുറവോ, അസുഖമോ വന്നാല്‍ പെട്ടെന്ന് സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷ സംബന്ധിച്ച് ഏറെക്കുറെ എല്ലാവര്‍ക്കും അറിവും അവബോധവുമുണ്ട്. അതേസമയം, ഒരാളുടെ മനസിന് ആരോഗ്യക്കുറവോ പ്രതിസന്ധിയോ വന്നാല്‍ എന്താണു ചെയ്യേണ്ടതെന്നതു സംബന്ധിച്ചു മിക്കവരും അജ്ഞരാണ്.
ഇതിനോടു രണ്ടുതരത്തിലുള്ള സമീപനമാണു ഭൂരിപക്ഷംപേരും സ്വീകരിക്കുന്നത്. ഒന്ന്, രോഗിതന്നെയാണ് ആ പ്രശ്‌നത്തിന്റെ കാരണക്കാരനെന്നനിലയില്‍ കുറ്റവും കുഴപ്പവുമെല്ലാം അയാളുടെ തലയില്‍ കെട്ടിവയ്ക്കും. രണ്ട്, അതൊക്കെ വെറുതെ തോന്നലും സംശയവുമാണെന്ന മട്ടില്‍ പ്രശ്‌നത്തെ അവഗണിക്കും.
മാനസികപ്രശ്‌നങ്ങളോട് ഈ രണ്ടുസമീപനവും പാടില്ല. പകരം, എന്താണു കാരണമെന്നു കണ്ടെത്തി ശരിയായ ചികിത്സയിലേയ്ക്കു രോഗിയെ എത്തിക്കുകയാണു വേണ്ടത്. അതു കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്വമല്ല, സമൂഹത്തിന്റെ ദൗത്യംകൂടിയാണ്.
അപകര്‍ഷത മുതല്‍ അഭയാര്‍ഥി പ്രവാഹംവരെ
ഈ വര്‍ഷത്തെ മാനസികാരോഗ്യദിന സന്ദേശത്തിനു രണ്ടു തലത്തിലുള്ള അര്‍ഥങ്ങളുണ്ടെന്നു ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാമത്തേത്, തീര്‍ത്തും വ്യക്ത്യാധിഷ്ഠിതമായ തലം. ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തിനു ക്ഷതമേല്‍ക്കുന്ന സംഭവങ്ങളുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ചും സമീപനത്തെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കല്‍.
വ്യക്തിയിലുണ്ടാകുന്ന സ്വഭാവവ്യതിയാനങ്ങള്‍, അപകര്‍ഷത, ഏകാന്തത, ഒതുങ്ങിക്കൂടല്‍, നിസ്സഹകരണം, സംശയസ്വഭാവം തുടങ്ങിയവയൊക്കെ മാനസികാരാഗ്യക്കുറവിന്റെ ലക്ഷണങ്ങളാകാം. ഇത്തരം അസ്വാഭാവികതകള്‍ കണ്ടുതുടങ്ങുമ്പോള്‍ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള ബോധവല്‍കരണമാണ് ഇന്നത്തെ സന്ദേശത്തിന്റെ വ്യക്ത്യാധിഷ്ഠിതമായ അര്‍ഥം.
ലോകമങ്ങും പടരുന്ന അശാന്തിയും പ്രശ്‌നങ്ങളും ജനസമൂഹങ്ങളുടെ മാനസികനിലയില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളാണ് ഇന്നത്തെ സന്ദേശത്തിന്റെ ആഗോളപരിപ്രേക്ഷ്യം. ഈ മാനസികാഘാതങ്ങളെ എങ്ങനെ മറികടക്കാമെന്നതാണ് ലോകത്തിനു മുന്നിലെ ചോദ്യം. മാനസികാരോഗ്യദിനസന്ദേശം വിശദീകരിക്കുമ്പോള്‍ അതിന്റെ വ്യക്ത്യാധിഷ്ഠിത തലത്തേക്കാള്‍ ലോകാരോഗ്യസംഘടന ഊന്നല്‍നല്‍കുന്നത് ആഗോളപ്രതിസന്ധിയിലാണ്.
യുദ്ധം, ആക്രമണം, സംഘര്‍ഷം തുടങ്ങിയവ സൃഷ്ടിച്ച വിഹ്വലതയുടെ ആഘാതത്തിലാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 10 കോടിയോളം മനുഷ്യര്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണിത്. അരുകൊലകളുടെ നേര്‍ക്കാഴ്ചകളും കണ്ണില്‍ച്ചോരയില്ലാത്ത ആക്രമണങ്ങളുടെ ദുരിതങ്ങളും അവരുടെ മനസിനെ കീഴ്‌മേല്‍ മറിക്കുന്നു. നമുക്കു സങ്കല്‍പ്പിക്കാനാകാത്ത ഇത്തരം അനുഭവങ്ങള്‍ വ്യക്തികളുടെ മാനസികതലത്തില്‍ ഏല്‍പിക്കുന്ന ആഘാതങ്ങളുടെ വ്യാപ്തിയും തീവ്രതയും വിവരണാതീതമാണ്.
ഇതു വ്യക്തിയെ ആകപ്പാടെ മാറ്റിമറിക്കും. ചിലര്‍ ജീവിതത്തിലൊരിക്കലും മോചനമില്ലാത്തവിധം മാനസികാഘാതത്തിലാകുന്നു. ഇത്തരം മാനസികാഘാതത്തിലേയ്ക്കു വീണുപോകാതെ ആ സമൂഹത്തെ എങ്ങനെ രക്ഷിക്കാമെന്ന ആലോചനയാണു പ്രധാനം.
യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ദുരിതമനുഭവിക്കുന്നവര്‍ക്കു ഭക്ഷണവും വെള്ളവുമെത്തിക്കുകയും പുരധിവസിപ്പിക്കുകയും ചെയ്യുന്നതുപോലെത്തന്നെ മാനസികമായ ആശ്വാസവും നല്‍കണം. അവരുടെ മനസിനേറ്റ ആഘാതം പരിഹരിക്കാനും സാധാരണയവസ്ഥയിലേയ്ക്കു തിരികെക്കൊണ്ടുവരാനുമുള്ള പ്രഥമ ചികിത്സയും കൗണ്‍സലിങും വേണം.
ഭക്ഷണം കിട്ടിയാല്‍ വിശപ്പു മാറും. വസ്ത്രവും താമസസ്ഥലവുമൊക്കെ പുതിയതു കിട്ടുമ്പോള്‍ പ്രശ്‌നപരിഹാരമാകും. പക്ഷേ, മനസിനേല്‍ക്കുന്ന മുറിവ് അങ്ങനെയല്ല. സംഘര്‍ഷമേഖലകളിലെ ജനങ്ങളുടെ മനസിനേല്‍ക്കുന്ന മുറിവു വളരെ വലുതാണ്.
ലോകാരോഗ്യസംഘടന എടുത്തുപറയുന്ന മറ്റൊരു പ്രശ്‌നമാണു പലായനവും അഭയാര്‍ഥിപ്രവാഹവും. ലോകത്താകെ ആറു കോടിയിലേറെ ആളുകള്‍ ഇപ്പോള്‍ സ്വദേശങ്ങളില്‍നിന്നു പുറന്തള്ളപ്പെട്ടു പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുകയാണ്. പിറന്ന നാട്ടില്‍നിന്നു പറിച്ചെറിയപ്പെടുമ്പോള്‍ മനസിനുണ്ടാകുന്ന വേദന ചില്ലറയല്ല. ഇതിന്റെയൊക്കെ മാനസികാഘാതങ്ങള്‍ ദീര്‍ഘകാല ദുരിതങ്ങളായി മാറിയേക്കാം. മറക്കല്ലേ, മനസാണു യഥാര്‍ഥത്തില്‍ ജീവിതത്തിന്റെ താളം നിയന്ത്രിക്കുന്നത്.
മനസിനു സ്വസ്ഥതയില്ലെങ്കില്‍ ശരീരം, ആരോഗ്യം, സമ്പത്ത്, കുടുംബജീവിതം, സാമൂഹ്യജീവിതം, ജോലി തുടങ്ങിയവയൊക്കെ അവതാളത്തിലാകും. നിസ്സാരമോ അജ്ഞാതമോ ആയ കാരണങ്ങള്‍ മുതല്‍ അറിഞ്ഞിട്ടും അവഗണിച്ച കാരണങ്ങള്‍വരെ പലതുകൊണ്ടും മനസ് സംഘര്‍ഷഭരിതമാകാം.
അടിസ്ഥാനകാരണം കണ്ടെത്തി ശരിയായ ചികിത്സയിലേയ്‌ക്കെത്തുമ്പോള്‍ വൈകിപ്പോകുന്നുവെന്നതാണു മാനസികചികിത്സാ രംഗത്തെ ഏറ്റവും വലിയ പ്രതിസന്ധി. വിദേശരാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ കുറേക്കൂടി അവബോധമുണ്ട്. എന്നാല്‍, നാം എപ്പോഴും മാനസികമായ ആരോഗ്യക്കുറവിനെ മനോരോഗമെന്ന തലത്തില്‍ മാത്രമാണു കാണുന്നത്. അതുകൊണ്ടുതന്നെ ചികിത്സയിലേയ്ക്കു പോകാന്‍ മടിച്ചുനില്‍ക്കുന്നു.
മനസിനു പ്രശ്‌നമുണ്ടെന്നു സമ്മതിക്കാന്‍തന്നെ ആദ്യഘട്ടത്തില്‍ കൂട്ടാക്കില്ല. പിന്നീടു സമ്മതിച്ചാലും അതിനു മറ്റു പല കാരണങ്ങള്‍ ചികയുകയും അത്തരം പ്രശ്‌നപരിഹാരക്രിയകളിലേയ്ക്കു പോവുകയും ചെയ്യും. ഒടുവില്‍ എല്ലാം വിഫലമാവുകയും പ്രശ്‌നം കൂടുതല്‍ വഷളാവുകയും ചെയ്യുമ്പോഴായിരിക്കും ചികിത്സകനിലേയ്ക്ക് എത്തുക.
മാനസികാരോഗ്യ പ്രഥമചികിത്സയെക്കുറിച്ചു സമൂഹത്തില്‍ അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഏറ്റവും സജീവമാക്കുകയെന്നതാണ് ഇന്നത്തെ ദിനത്തിന്റെ സന്ദേശം.
പാഠ്യപദ്ധതിയിലും വേണം
ശാരീരികരോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രഥമചികിത്സ എങ്ങനെയെന്നതു സംബന്ധിച്ച് സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ പരിമിതമായെങ്കിലും പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍, മാനസികപ്രശ്‌നങ്ങളിലുള്ള പ്രഥമചികിത്സയെക്കുറിച്ച് അങ്ങനെയൊരു പഠിപ്പിക്കലില്ല.
ഇക്കാലത്തെ വിദ്യാര്‍ഥികള്‍ക്കു മുന്‍തലമുറകളിലെ വിദ്യാര്‍ഥികളേക്കാള്‍ മാനസികവ്യായാമവും ബോധവല്‍ക്കരണവും വേണം. നാളെ അവര്‍ ജീവിക്കാനിരിക്കുന്ന സമൂഹത്തിലും ഒട്ടേറെപ്രശ്‌നങ്ങള്‍ നേരിടാനുണ്ടാവും. ഈ സാഹചര്യത്തില്‍ സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ മാനസികാരോഗ്യപദ്ധതികള്‍കൂടി ചേര്‍ക്കണമെന്ന അഭ്യര്‍ഥന സര്‍ക്കാരിനും വിദ്യാഭ്യാസവിദഗ്ധര്‍ക്കും മുന്നില്‍ സമര്‍പ്പിക്കുന്നു.
വിദ്യാര്‍ഥികള്‍ക്കു മാനസികവ്യായാമവും ആശ്വാസവും കരുത്തും നല്‍കാനുള്ള പരിശീലനപദ്ധതികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്യണം. മാര്‍ക്ക് നേടുകയെന്നതിനപ്പുറം നാളത്തെ സമൂഹത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്തു ജീവിക്കാന്‍ മാനസികാരോഗ്യവും കരുത്തുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയെന്നതാണല്ലോ വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥലക്ഷ്യം.
പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുന്നതിനു പുറമെ പൊതുവായ മാനസികാരോഗ്യ നയവും നമ്മുടെ സംസ്ഥാനത്തിനുവേണം. ഇക്കാര്യത്തില്‍ ഒരു നയപ്രഖ്യാപനമുണ്ടാകണമെന്ന അഭ്യര്‍ഥനകൂടി സര്‍ക്കാരിനുമുന്നില്‍ സമര്‍പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."