തണല്‍ തടസ്സം; കനാല്‍ സോളാര്‍ പദ്ധതി പാളുന്നു
തിരുവനന്തപുരം: വൈദ്യുതിക്ഷാമത്തിന് പരിഹാരമായി സോളാര്‍ ഉള്‍പ്പെടെയുള്ള ഊര്‍ജമാര്‍ഗങ്ങളിലേക്ക് മാറാനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുമ്പോഴും പ്രായോഗികത പ്രശ്‌നമാകുന്നു. സംസ്ഥാനത്ത് കുറഞ്ഞത് 300 മെഗാവാട്ട് വൈദ്യുതിയെങ്കിലും സൗരോര്‍ജ വൈദ്യുതിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുകയെന്നത് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് നടപ്പാക്കിയ വിജയകരമായ കനാല്‍ സോളാര്‍ വൈദ്യുതപദ്ധതിയുടെ ചുവടുപിടിച്ചാണ് സോളാര്‍ നയം രൂപപ്പെടുത്തിയത്. എന്നാല്‍ സംസ്ഥാനത്തെ ഭൂപ്രകൃതി കണക്കിലടുക്കാതെയാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്.
കനാലുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക വഴി വൈദ്യുതോല്‍പ്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ ഏറെ പ്രയോജനകരമാകുമെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. എന്നാല്‍ അടുത്തിടെ നടന്ന പഠനങ്ങളില്‍ ഇതുവരെ പദ്ധതി ആരംഭിച്ച ഒരു കനാലില്‍ മാത്രമാണ് ആവശ്യമായ രീതിയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത് എന്ന റിപ്പോര്‍ട്ടാണ് ബോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്നത്. ഒന്നു മുതല്‍ പത്തുവരെ മെഗാവാട്ട് വൈദ്യുതിയ്ക്കപ്പുറം ഉല്‍പ്പാദിപ്പിക്കാന്‍ പര്യാപ്തമായ കനാലുകളൊന്നും സംസ്ഥാനത്തില്ല. ഉള്ള കനാലുകളെല്ലാം തൊട്ടടുത്ത് തന്നെ പച്ചപ്പും തണലും നിറഞ്ഞതാണ്. ഇവ ആവശ്യമായ സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ പര്യാപ്തമായതല്ല.
കണ്ണൂര്‍ അയ്യന്‍കുന്നിലെ ബാരാപോള്‍ ചെറുകിട ജലസേചന പദ്ധതിയിലും കോഴിക്കോട് വിലങ്ങാട് ചെറുകിട ജലസേചന പദ്ധതിയിലുമുള്‍പ്പെട്ട കനാലുകളിലാണ് സോളാര്‍ വൈദ്യുതോല്‍പ്പാദനം ഇപ്പോള്‍ കുറച്ചെങ്കിലും നടക്കുന്നത്. ഇതില്‍ വിലങ്ങാട് വൃക്ഷങ്ങളും കുറ്റിച്ചെടികളും കൊണ്ട് നിഴല്‍ ഏറെയാണ്. മറ്റുകനാലുകള്‍ക്കരികെയും റബര്‍, കശുവണ്ടി, കുരുമുളക് ഉള്‍പ്പെടെയുള്ള കൃഷികള്‍ തണല്‍ വിരിച്ചിരിക്കുകയാണ്. സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദനത്തിന് ഇത് ഏറെ തടസ്സമാണ്. നടപ്പാക്കിയ പദ്ധതിയില്‍ ബാരാപോള്‍ പദ്ധതി മാത്രമാണ് പ്രയോജനകരമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട്. ബാരാപോള്‍ പദ്ധതി പ്രദേശത്തിന്റെ മുകള്‍ഭാഗത്ത് നിന്നും രണ്ട് മെഗാവാട്ടും കനാലിന്റെ തീരപ്രദേശത്ത് നിന്നും ഒരു മെഗാവാട്ടും ഉല്‍പ്പാദിപ്പിക്കാനാണ് പുതുതായി പദ്ധതിയിടുന്നത്. കനാലിന്റെ മുകള്‍ഭാഗവും തീരവും ചേര്‍ത്ത് 35 കോടിയുടെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്.
2012ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ സംസ്ഥാനം മുഴുവന്‍ കടന്നു പോകുന്ന നര്‍മദാ കനാലുമായി ബന്ധപ്പെട്ട 19,000 കിലോമീറ്റര്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. ഇവിടങ്ങളില്‍ സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ പര്യാപ്തമായ തരിശുനിലങ്ങള്‍ക്കടുത്തുകൂടിയാണ് കനാലുകള്‍ ഒഴുകുന്നത്.
പദ്ധതി വിജയകരമായിരുന്നു. എന്നാല്‍ സമാനമായ രീതിയില്‍ പദ്ധതി നടപ്പാക്കാനാകില്ലെന്ന് വിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സംസ്ഥാനത്തുള്ള നിരവധി കനാലുകളില്‍ ഭൂരിഭാഗവും കൂടുതലും നിഴല്‍ നിറഞ്ഞ പ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പച്ചപ്പ് നിറഞ്ഞ കുന്നുകളാണ് ഭൂരിഭാഗവും. ഇവിടങ്ങളില്‍ സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ഏറെ പരിമിതികളുണ്ടെന്നതാണ് യാഥാര്‍ഥ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."