യു.ഡി.എഫിന്റെ ഇടുക്കി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് മാണി ഗ്രൂപ്പ്
കോട്ടയം: യു.ഡി.എഫ് ഇന്ന് ഇടുക്കിയില്‍ നടത്തുന്ന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും രംഗത്ത്.
123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശമാണെന്ന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കേരള കോണ്‍ഗ്രസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് ഹര്‍ത്താല്‍ പിന്തുണയുമായി പാര്‍ട്ടി രംഗത്തെത്തിയത്.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ കര്‍ഷകവിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെ പോരാടിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. കര്‍ഷകവിരുദ്ധ നയങ്ങള്‍ നടപ്പാക്കിയാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞു.
ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയതിലൂടെ ഇടതുമുന്നണി തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍ നിന്നു വ്യതിചലിച്ചിരിക്കുകയാണെന്നു വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലത്തിനു കടക വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില ഇടിയുമ്പോള്‍ ന്യായവില നല്‍കി അവ സംഭരിക്കാന്‍ ഗവണ്‍മെന്റ് ഇടപെടണമെന്നും മാണി പറഞ്ഞു. കാര്‍ഷിക വിഭവങ്ങള്‍ വിപണനം ചെയ്യുന്നതിന് പഞ്ചായത്തുകളിലെല്ലാം കര്‍ഷക മാര്‍ക്കറ്റുകള്‍ സ്ഥാപിക്കേണ്ടത് ആവശ്യമാണ്.
റബ്ബറിനുസമാനമായ വിലസ്ഥിരതാപദ്ധതി നാളികേരത്തിനും നെല്ലിനും നടപ്പാക്കണം. റബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയും നെല്ലിന് 30 രൂപയുമായി ഉയര്‍ത്തണം. കുടുംബസ്വത്തുക്കള്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ പങ്കുവെയ്ക്കുന്നതിന് ഭൂമിയുടെ കമ്പോളവിലയുടെ മൂന്ന് ശതമാനമായി നിശ്ചയിച്ചത് ദുര്‍സഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."