ട്രംപിനെ പാര്‍ട്ടിയും കൈവിട്ടു
മുതിര്‍ന്ന നേതാക്കള്‍ പിന്തുണ പിന്‍വലിച്ചു
ട്രംപിനെതിരേ ഭാര്യയും
ന്യൂയോര്‍ക്ക്: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തില്‍ അകപ്പെട്ട യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ പാര്‍ട്ടിയും കുടുംബവും രംഗത്ത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോണ്‍ മക്കെയ്ന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് എന്നിവര്‍ ട്രംപിനുള്ള പിന്തുണ പിന്‍വലിച്ചു. ട്രംപിന്റെ സ്ഥാനാര്‍ഥിത്വം തുടരുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു ജോണ്‍ മക്കെയ്‌നിന്റെ പ്രതികരണം. ട്രംപ് മതിയാക്കണമെന്നും വേറെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മതിയായിരുന്നുവെന്ന് കോണ്ടോലിസ റൈസും പ്രതികരിച്ചു. പാര്‍ട്ടി വേറെ സ്ഥാനാര്‍ഥിയെ തേടണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
ട്രംപ് നടത്തിയതിനെ ന്യായീകരിക്കുന്നില്ലെന്നും എന്നാല്‍ തന്റെ ഭര്‍ത്താവിന് നല്ലവരായ അമേരിക്കക്കാര്‍ മാപ്പു നല്‍കണമെന്നും ട്രംപിന്റെ ഭാര്യ മെലീന വ്യക്തമാക്കി. ട്രംപിന്റെ വാക്കുകള്‍ തനിക്കും നാണക്കേടുണ്ടാക്കി. എന്നാല്‍ അദ്ദേഹത്തോട് നിങ്ങള്‍ ക്ഷമിക്കണം എന്നായിരുന്നു മെലീനയുടെ വാക്കുകള്‍. വിവാദ സംഭാഷണത്തിനിടെ താനിതൊക്കെ ചെയ്യുന്നതിനോട് ഭാര്യ മെലീനയ്ക്ക് എതിര്‍പ്പില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
ഒരു താരമായാല്‍ സ്ത്രീകളെ എന്തും ചെയ്യാമെന്ന് പറഞ്ഞു തുടങ്ങുന്ന ട്രംപ് കാണാന്‍ പോകുന്ന യുവതിയെ കുറിച്ച് കൂടുതല്‍ മോശമായ പരാമര്‍ശങ്ങളാണ് പിന്നീട് നടത്തിയത്. സംഭാഷണത്തിനു തുടര്‍ച്ചയായി യുവതിയും ചാനല്‍ അവതാരകനും ട്രംപും ഒന്നിച്ചുള്ള വിഡോയും പുറത്തുവന്നു. വാഷിങ്ടണ്‍ പോസ്റ്റാണ് ഇതിന്റെ വിഡിയോയും ശബ്ദരേഖയും പുറത്തുവിട്ടത്. തുടര്‍ന്ന് ട്രംപ് മാപ്പപേക്ഷ നടത്തി.
പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ ട്രംപിനെ തള്ളിയ സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ട്രംപ്. തനിക്ക് ഇപ്പോഴും പിന്തുണയുണ്ടെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തനിക്കെതിരേയുള്ള വിഡിയോ പുറത്തുവിട്ട മാധ്യമത്തിന്റെ നീക്കം തന്നെ പുറത്താക്കുകയാണെന്നും അതു വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ടാമത്തെ സംവാദത്തിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് ട്രംപ് വിവാദത്തില്‍പ്പെട്ടത്. ആദ്യ സംവാദത്തില്‍ ഹിലരി ക്ലിന്റന്‍ വിജയിച്ചിരുന്നു. ട്രംപിന്റെ പ്രചാരണത്തിനു ക്ഷണിക്കപ്പെട്ട പ്രതിനിധിസഭയിലെ സ്പീക്കര്‍ പോള്‍ റയാനും വൈസ് പ്രസിഡന്റ് പെന്‍സും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളാണ് ഇരുവരും.
2005 ല്‍ ട്രംപ് നടത്തിയ വിവാദ പരാമര്‍ശം എതിര്‍സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റന്‍ ആയുധമാക്കിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക് പെന്‍സിനു എതിരേയും പാര്‍ട്ടിയില്‍ നീക്കം തുടങ്ങി. കഴിഞ്ഞ ദിവസം ട്രംപിനെ പിന്തുണച്ച പെന്‍സിനു വോട്ട് ചെയ്യില്ലെന്നാണ് നേതാക്കള്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം നടന്ന വൈസ് പ്രസിഡന്റ് സംവാദത്തില്‍ മുന്നിട്ടു നിന്ന പെന്‍സ് ട്രംപിന്റെ രണ്ടാമത്തെ സംവാദത്തിനുള്ള പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയാണ് റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന ട്രംപ് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."