മമ്പുറം ഭക്തിസാന്ദ്രമായി; ആണ്ടുനേര്‍ച്ചക്കു കൊടിയിറങ്ങി
തിരൂരങ്ങാടി: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ഖുര്‍ആന്‍ ഖത്മ് ദുആ മജ്‌ലിസോടെ 178-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി.
ഒരാഴ്ചക്കാലമായി മമ്പുറം മഖാമില്‍ നടന്നുവരുന്ന നേര്‍ച്ചയുടെ അവസാന ദിവസമായ ഇന്നലെ മമ്പുറത്തേക്കൊഴുകിയെത്തിയ വിശ്വാസിപ്രവാഹം അക്ഷരാര്‍ഥത്തില്‍ കടലുണ്ടിയോരം ജനസാഗരമാക്കി. നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ ജാതി മത ഭേദമന്യേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ പ്രത്യേകം തയാറാക്കിയ നെയ്‌ച്ചോര്‍ പായ്ക്കുകള്‍ വാങ്ങാന്‍ കത്തുന്ന വെയിലത്തും കിലോമീറ്ററുകളോളം വരിനിരന്നു. അന്നദാനം സ്വീകരിക്കാനെത്തിയ തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ പൊലിസും നാട്ടുകാരും ദാറുല്‍ഹുദാ വിദ്യാര്‍ഥികളടങ്ങടങ്ങിയ വളണ്ടിയേഴ്‌സ് ഗ്രൂപ്പുകളും ഏറെ പാടുപെടേണ്ടി വന്നു.രാവിലെ ഒന്‍പതിന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അന്നദാനം ഉദ്ഘാടനം ചെയ്തു. ആത്മീയതയും സാമൂഹ്യബോധവും ചാലിച്ച വ്യക്തിത്വമായിരുന്നു മമ്പുറം തങ്ങളുടെതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സാമ്രാജ്യത്വ വിരുദ്ധ സമരത്തിലെ അവിസ്മരണീയ പോരാളിയായി ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്‌രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷനായി. ജനബാഹുല്യം കാരണം നിശ്ചിത സമയവും കഴിഞ്ഞ് മണിക്കുറുകളോളം ഭക്ഷണ വിതരണം നീണ്ടു നിന്നു. വിതരണത്തിന് ദാറുല്‍ ഹുദാ ഭാരവാഹികളും അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും നേതൃത്വം നല്‍കി.ഒക്ടോബര്‍ രണ്ട് ഞായറിന് സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങള്‍ മമ്പുറം പതാകയുയര്‍ത്തിയതോടെ തുടക്കം കുറിച്ച 178-ാമത്ആണ്ടുനേര്‍ച്ചയില്‍ വിശ്വാസികള്‍ക്ക് ആത്മീയ വിരുന്നൊരുക്കി മജ്‌ലിസുന്നൂര്‍, സ്വലാത്ത് മജ്‌ലിസ്, മതപ്രഭാഷണ സദസുകള്‍, ദുആ മജ്‌ലിസ് തുടങ്ങിയ വിവിധയിനം പരിപാടികള്‍ മഖാമില്‍ നടന്നിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് നടന്ന ഖത്മ്-ദുആയോടെയാണ് ഔദ്യോഗികമായി കൊടിയിറങ്ങിയത്. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ ഖത്മ് ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."