കാര്‍ പാടത്തേക്ക് മറിഞ്ഞ് കായിക അധ്യാപകന്‍ മരിച്ചു
കാഞ്ഞാണി: നിയന്ത്രണം വിട്ട കാര്‍ കോള്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് കായിക അധ്യാപകന്‍ മരിച്ചു. പഴുവില്‍ ചെള്ളിക്കാട്ടില്‍ ദാസന്റെ മകന്‍ ജിത്ത് (38) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. നാട്ടിക എസ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലെ കായിക അധ്യാപകനാണ് ജിത്ത്.
മുണ്ടൂരില്‍ നടന്ന ക്യാംപില്‍ പങ്കെടുത്ത് വീട്ടിലേക്ക് പോകുമ്പോള്‍ മനക്കൊടി വടക്കന്‍പുളളിലെ വിളക്കുമാടം പടവിന് സമീപത്തെ പുത്തന്‍ ചാലിലേക്കാണ് വാഹനം മറിഞ്ഞത്.
കാര്‍ പാലത്തില്‍ കയറേണ്ടതിന് പകരം കോള്‍പാടത്തെ ബണ്ട് റോഡിലൂടെ നിയന്ത്രണം വിട്ട് മെയിന്‍ ചാലിലേക്ക് മറിയുകയായിരുന്നു. രാവിലെ ചാലില്‍ വാഹനം കണ്ടതിനെ തുടര്‍ന്ന് മത്സ്യ തൊഴിലാളികള്‍ അന്തിക്കാട് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
അന്തിക്കാട് എസ്.ഐ വിന്‍സെന്റ് ഇഗ്‌നേഷ്യസിന്റെ നേതൃത്വത്തിലുള്ള പൊലിസും തൃശൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് കാറും മൃതദേഹവും പുറത്തെടുത്തത്.
പുള്ള് മനക്കൊടി റോഡില്‍ അപകടകരമായ വളവുകള്‍ ഉണ്ടായിട്ടും ദിശാ സൂചികകളോ, സിഗ്‌നല്‍ ലൈറ്റുകളോ സ്ഥാപിച്ചിട്ടില്ല. മേഖലയില്‍ അപകടങ്ങള്‍ പെരുകുമ്പോഴും അധികാരികള്‍ മൗനം പാലിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അമ്മ: മിനി. ഭാര്യ: മീര. മക്കള്‍: വിശ്വജിത്ത്, അഭയ്ശങ്കര്‍. പ്രശസ്ത റെയ്‌സിങ് താരം ജിനന്‍ സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."